തകര്‍ന്ന റോഡ് കാടുമൂടി-നഗരസഭ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍

തളിപ്പറമ്പ്: കുഴികള്‍ നിറഞ്ഞ റോഡ് കാടുകള്‍ മൂടി സഞ്ചാരയോഗ്യമല്ലാതായിട്ടും ബന്ധപ്പെട്ടവര്‍ക്ക് യാതൊരു കുലുക്കവുമില്ലെന്ന് നാട്ടുകാര്‍.

തളിപ്പറമ്പ് നഗരസഭയിലെ 34-ാം വാര്‍ഡായ ചാലത്തൂരിലെ കുപ്പം-പുളിയോട്-പുളിമ്പറമ്പ് റോഡാണ് ഇരുഭാഗത്തും കാടുമൂടി ഗതാഗതയോഗ്യമല്ലാതായി മാറിയത്.

റോഡിന്റെ ഏകദേശം 300മീറ്ററോളും കാടും പുല്ലുകളും വളര്‍ന്ന് റോഡിലേക്ക് ചാഞ്ഞ് കിടക്കുകയാണ്.

ഇത് വഴി വാഹനയാത്രയും കാല്‍നടയും ഒരുപോല ബുദ്ധിമുട്ടായതായി നാട്ടുകാര്‍ പറയുന്നു.

റോഡാവട്ടെ പല ഭാഗങ്ങളിലും കുഴികള്‍ വീണ് തകര്‍ന്നുകിടക്കുകയാണ്.

യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താത്ത റോഡ് ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

ബന്ധപ്പെട്ട കൗണ്‍സിലറോടും നഗരസഭാ അധികൃതരോടും പരാതി പറഞ്ഞിട്ടും നടപടികളില്ലാത്തതിനാല്‍ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.