പിഴ വെറും 200 രൂപ മാത്രം-റോഡില്‍ മാര്‍ഗ തടസത്തിന്-

പരിയാരം: മാര്‍ഗതടസം സൃഷ്ടിച്ച ബ്രാഞ്ച് സെക്രട്ടെറിക്കെതിരെ എടുത്ത കേസില്‍ പരമാവധി പിഴ 200 രൂപ മാത്രം.

ഇന്നലെ റെഡ്ഫഌഗ് ഡേയില്‍ പങ്കെടുക്കാനെത്തിയ സി.പി.എം മണ്ടൂര്‍ ബ്രാഞ്ച് സെക്രട്ടെറിക്കെതിരെ റോഡില്‍ മാര്‍ഗതടസംസൃഷ്ടിച്ചതിന് പരിയാരം പോലീസ് കേസെടുത്തിരുന്നു.

ഐ.പി.സി.283-ാം വകുപ്പ് പ്രകാരം ചാര്‍ജ് ചെയ്ത കേസില്‍ ലഭിക്കുന്ന ശിക്ഷ പരമാവധി 200 രൂപ മാത്രമാണ്.

ഇന്നലെ നടന്ന സി.പി.എം റെഡ്ഫഌഗ് ഡേ ആഘോഷങ്ങള്‍ക്കിയിലായിരുന്നു സംഭവം.

സി.പി.എം മണ്ടൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ.രാജീവനെതിരെയാണ് ഐ.പി.സി സെക്ഷന്‍ 283 പ്രകാരം കേസെടുത്തത്.

പിലാത്തറചുമടുതാങ്ങി റോഡില്‍ പാര്‍ക്ക് ചെയ്ത രാജീവന്റെ കെ.എല്‍.59 ബി-9597 നമ്പര്‍ വാഗണര്‍ കാര്‍ മറ്റ് വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കിയതിനാല്‍ പോലീസ് മാറ്റിയിടാന്‍

ആവശ്യപ്പെട്ടുവെങ്കിലും താന്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണെന്നും കാര്‍ മാറ്റാനാവില്ലെന്നും രാജീവന്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.

27 മിനുട്ടോളം അതേ സ്ഥലത്ത് നിര്‍ത്തിയിട്ടതിനാണ് പോലീസ് കേസെടുത്തത്. പരിയാരം എസ്.ഐ രൂപ മധുസൂതനന്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് കേസെടുത്തത്.

കാര്‍ സ്‌റ്റേഷനിലേക്ക് എടുക്കണമെന്ന് പോലീസ് പറഞ്ഞെങ്കിലും അതിന് തയ്യാറാവാതെ രാജീവന്‍ കാറുമായി പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നേരത്തെ സി.പി.എം പുനിയങ്കോട് ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടി ഓഫീസില്‍ കയറി വനിതാ എസ് ഐ പിടികൂടിയത് വലിയ വിവാദമായിരുന്നു. ഈ സംഭവത്തില്‍ സി.പി.എം പൊതുയോഗം സംഘടിപ്പിച്ച് എസ്.ഐക്കെതിരെ പ്രസംഗിച്ചിരുന്നു.