റോട്ടറി സ്വപ്നഭവനം താക്കോല്‍ ദാനം ഏപ്രില്‍ 14 ന്
പിലാത്തറ: റോട്ടറി സ്വപ്നഭവനം താക്കോല്‍ ദാനം ഏപ്രില്‍ 14 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മൂശാരികൊവ്വലിലെ കെ.പി.ചന്ദ്രന്റെ കുടുംബത്തിനാണ് റോട്ടറി വീട് നിര്‍മ്മിച്ച് നല്‍കുന്നത്.
കൂലിപ്പണിക്കാരനായ ചന്ദ്രന്, ഭാര്യ, വിദ്യാര്‍ത്ഥികളായ 2 മക്കള്‍ എന്നിവരുള്‍പ്പെട്ട കുടുംബം നേരത്തെ ഒറ്റ മുറി ഷെഡിലാണ് താമസിച്ചു വന്നിരുന്നത്.
സാമ്പത്തികമായി ഏറെ പിന്നാക്കത്തിലായിരുന്ന കുടുംബത്തിന്റെ അവസ്ഥ കണ്ടറിഞ്ഞ കുഞ്ഞിമംഗലം റോട്ടറി പ്രസിഡന്റ് ശ്രീജേഷ് ഇട്ടമ്മലിന്റെ നേതൃത്വത്തില്‍
ക്ലബ്ബ് അംഗങ്ങളില്‍ നിന്നും സമാനമനസ്കരില്‍ നിന്നും ഫണ്ട് സമാഹരണം നടത്തിയാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
വൈദ്യുതീകരണം ഉള്‍പ്പെടെ മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തീകരിച്ച വീടിന് ആകെ എട്ട് ലക്ഷം രൂപ ചെലവായിട്ടുണ്ട്.
2022 നവംബര്‍ 28 ന് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി.വി.പ്രമോദ് നായനാര്‍ ശിലാസ്ഥാപനം നിര്‍വഹിച്ച വീടിന്റെ നിര്‍മ്മാണം 6 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത് എങ്കിലും കേവലം നാലു മാസം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്.
ക്ലബ്ബ് പ്രസിഡന്റ് ശ്രീജേഷ് ഇട്ടമ്മല്‍ താക്കോല്‍ ദാനം നിര്‍വഹിക്കും.
പ്രോജക്ട് ചെയര്‍ വി.പി.മധു അധ്യക്ഷത വഹിക്കും. റോട്ടറി ഡിസ്ട്രിക്ട് ഭാരവാഹികളും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.
കുഞ്ഞിമംഗലം റോട്ടറിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം പഞ്ചായത്തിലെ മുഴുവൻ അംഗനവാടികൾക്കും ബ്ലഡ് പ്രഷർ മോണിറ്റർ നൽകുകയും പരിയാരം മെഡിക്കൽ കോളേജിലേക്കും ഐആർപിസി, ഇസ്കോ തുടങ്ങിയ സംഘടനകൾക്കും
വീൽചെയറുകൾ നൽകുകയും ഗവ സെൻട്രൽ യുപി സ്കൂളിലേക്ക് ലാപ്ടോപ്, സ്കൂൾ ഡയറി എന്നിവ നൽകുകയും സൗജന്യ മെഡിക്കൽ ക്യാമ്പ്,
കരിയർ ഗൈഡൻസ് ക്ലാസുകൾ, നീന്തൽ പരിശീലനം, യോഗപരിശീലനം തുടങ്ങി നിരവധി സേവന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
വാർത്താ സമ്മേളനത്തിൽ ശ്രീജേഷ് ഇട്ടമ്മൽ, സെക്രട്ടറി കെ.വി.രഞ്ജിത് കുമാർ, റോട്ടറി ഡിസ്ട്രിക്ട് ചെയർ കെ.പി.രമേശൻ, വി.കെ.കരുണാകരൻ, വി.പി. മധു എന്നിവർ പങ്കെടുത്തു.
