ഇനി യാത്ര ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കാവട്ടെ
കണ്ണൂര്‍: നെല്‍വയലില്‍ പാടവരമ്പിനടുത്ത് സ്ഥാപിച്ച ജലചക്രം, സമീപത്ത് ഓലക്കുടിലുകളില്‍ കുട്ടനെയ്ത്തും മണ്‍പാത്ര നിര്‍മ്മാണവും തറിയും താറാവ് വളര്‍ത്തലുമായി ജീവിക്കുന്ന മനുഷ്യര്‍…
ഉള്‍നാടന്‍ ഗ്രാമാന്തരീക്ഷത്തിന്റെ ചൂടും ചൂരും ചോരാതെ പുനര്‍നിര്‍മ്മിച്ചിരിക്കുകയാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരുക്കിയ ‘എന്റെ കേരളം’ മെഗാ എക്‌സിബിഷനില്‍.
വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കുകൂടി എത്തിക്കുന്നതിന് ലക്ഷ്യമിട്ട് വിനോദ സഞ്ചാര വകുപ്പ് പ്രചരിപ്പിക്കുന്ന സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ആവിഷ്‌ക്കരണം ആവേശത്തോടെയാണ് മേളയിലെത്തിയ ജനങ്ങള്‍ സ്വീകരിച്ചത്.
യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ (യുഎന്‍ഡബ്ല്യുടിഒ) ‘ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത്’ എന്ന മുദ്രാവാക്യമാണ് സ്ട്രീറ്റിന്റെ പ്രചോദനം. സുസ്ഥിരം, മൂര്‍ത്തമായത്, ഉത്തരവാദിത്തമുള്ളത്, അനുഭവം, വംശീയം എന്നീ വിഭാഗങ്ങളിലുള്ള ടൂറിസം കേന്ദ്രങ്ങളുടെ ചുരുക്കപ്പേരാണ് സ്ട്രീറ്റ്.
ഗ്രീന്‍ സ്ട്രീറ്റ്, കള്‍ച്ചറല്‍ സ്ട്രീറ്റ്, ഗ്രാമീണ ജീവിതാനുഭവ സ്ട്രീറ്റ്, എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം സ്ട്രീറ്റ്, അഗ്രിടൂറിസം സ്ട്രീറ്റ്, വാട്ടര്‍ സ്ട്രീറ്റ്, ആര്‍ട്ട് സ്ട്രീറ്റ് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്ന തീമുകള്‍.
സഞ്ചാരികള്‍ക്ക് ഗ്രാമീണ ജീവിതങ്ങള്‍ അനുഭവിച്ചറിയാനുള്ള അവസരം ഇവിടെയുണ്ട്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കുഞ്ഞിമംഗലം വെങ്കല ഗ്രാമത്തിന്റെ സവിശേഷതകളുടെ
വിവരണവും ക്ഷേത്ര കലശപാത്രം, ചങ്ങലവട്ട, പീഠംപ്രഭ, കണ്ണാടി വിഗ്രഹം, തെയ്യം തിരുവായുധങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും തത്സമയ നിര്‍മ്മാണവും അമ്പെയ്ത്തിന്റെ പ്രദര്‍ശനവും മേളയില്‍ ഒരുക്കിയിട്ടുണ്ട്.
