പാലകുളങ്ങരയിലെ മണ്ണില്‍ പ്രവേശിക്കാനായത് മുജ്ജന്മ സുകൃതമെന്ന് നിയുക്ത ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാര്‍-
തളിപ്പറമ്പ്: പാലകുളങ്ങരപ്പന്റെ മണ്ണില്‍ പ്രവേശിക്കാനായത് മുജ്ജന്മ സുകൃതമെന്ന് നിയുക്ത ശബരിമല മേല്‍ശാന്തി കണ്ടിയൂര്‍ നീലമന ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയും, അതിയടം കുറുവക്കാട്ടില്ലത്ത് ശംഭു നമ്പൂതിരിയും പറഞ്ഞു.
അത്യപൂര്‍വ്വ പ്രതിഷ്ഠ സങ്കല്പമുള്ള പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വരാന്‍ കഴിഞ്ഞത് മുജ്ജന്മ സുകൃതവും അയ്യപ്പ സ്വാമിയുടെ അനുഗ്രഹവും കൊണ്ടുമാണെന്ന് നിയുക്ത ശബരിമല മേല്‍ശാന്തി കണ്ടിയൂര്‍ നീലമന ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയും, അതിയടം കുറുവക്കാട്ടില്ലത്ത് ശംഭു നമ്പൂതിരിയും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.
മുന്‍ നിശ്ചയ പ്രകാരമല്ല മറിച്ച് ഇതൊരു നിയോഗമായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് വൈകുന്നേരം 3.30ന് മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് ഏരിയ കമ്മിറ്റി മെമ്പര്‍ പി.വി.സതീഷ് കുമാര്‍ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ കെ.സി. മണികണ്ഠന്‍ നായര്‍,
മെമ്പര്‍മാര്‍ ഇ.പി. ശാരദ, കെ.വി. അജയ് കുമാര്‍, കെ. രവീന്ദ്രന്‍ ,എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരര്‍ , പെരിഞ്ചെല്ലൂര്‍ സംഗീത സഭ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ ടി.ടി.കെ. ദേവസ്വം ട്രസ്റ്റി മെമ്പര്‍ രാജീവന്‍ മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ മേല്‍ശാന്തി ഞാര്‍ക്കാട്ടില്ലത്ത് ശ്രീ. വിനായകന്‍ നമ്പൂതിരി പൂര്‍ണ്ണ കുംഭം നല്‍കി വരവേറ്റു.
വനിതകളുടെ താലപ്പൊലിയും, കടന്നപ്പള്ളി സുധാകര മാരാറും സംഘവും നയിച്ച വാദ്യ മേളങ്ങളുടെ അകമ്പടിയോടുമായാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. കോവിഡ് 19 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും വന്‍ ജനാവലി അനുഗ്രഹം തേടിയെത്തിയിരുന്നു.
