ഈ വര്‍ഷം ഒരു ലക്ഷം സംരംഭകരെ കണ്ടെത്തും: മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍
തളിപ്പറമ്പ്: ഈ വര്‍ഷം ഒരു ലക്ഷം സംരംഭകരെ കണ്ടെത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള സമന്വയ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മത്സരപ്പരീക്ഷ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തൊഴിലില്ലായ്മ പരിഹരിക്കുക എന്ന വലിയ ലക്ഷ്യത്തിലാണ് സര്‍ക്കാര്‍. കെ ഡിസ്കിലൂടെ എല്ലാ വിഭാഗക്കാര്‍ക്കും തൊഴില്‍ സാധ്യത ഉറപ്പു വരുത്തും.
ഇതിനായി പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും. എല്ലാ വകുപ്പുകളും ഊന്നല്‍ നല്‍കുന്നതും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനാണ് മന്ത്രി പറഞ്ഞു.
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് (കേരളം) വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് സമന്വയ.
ഇതിന്റെ ഭാഗമായി ജില്ലയിലെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള മൂന്നു മാസം നീണ്ട സൗജന്യ മത്സര പരീക്ഷ പരിശീലന പരിപാടികളാണ് നടപ്പാക്കുന്നത്.
തളിപ്പറമ്പ്, തലശ്ശേരി, മട്ടന്നൂര്‍ കേന്ദ്രങ്ങളിലായി പരിശീലനം നടക്കും. തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സബ് കലക്ടര്‍ അനുകുമാരി അധ്യക്ഷത വഹിച്ചു.
ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ് രമേശന് കുനിയില്‍, തളിപ്പറമ്പ് ആര് ഡി ഒ ഇ.പി.മേഴ്സി, ജില്ലാ ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ എസ് സന്തോഷ് കുമാര്‍,
ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.വി.രവിരാജ്, തളിപ്പറമ്പ് തഹസില്‍ദാര്‍ ഇ.എം.റജി, തളിപ്പറമ്പ് ജോ. ആര് ടി ഒ ബി.സാജു, തളിപ്പറമ്പ് എംപ്ലോയ്മെന്റ് ഓഫീസര്‍ കെ.വി.ഷര്‍മിള തുടങ്ങിയവര്‍ പങ്കെടുത്തു.
