പോലീസ് ജീപ്പിന് മുന്നില്‍ പൂഴിയിറക്കി മണല്‍ കടത്തുകാര്‍ എസ്‌ക്കേപ്പായി.

തളിപ്പറമ്പ്: പോലീസ് പിന്തുടര്‍ന്നപ്പോള്‍ റോഡില്‍ പൂഴിയിറക്കി അനധികൃത മണല്‍കടത്ത് സംഘം പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടു.

ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം.

നമ്പര്‍ പ്ലേറ്റില്ലാത്ത ടിപ്പര്‍ലോറി മണല്‍ കടത്തുന്ന വിവരമറിഞ്ഞ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് ലോറിയെ പിന്തുടരുകയായിരുന്നു.

ഹൈവേയിലൂടെ വന്ന ലോറി പോലീസ് പിന്തുടരുന്നതുകണ്ട് തൃച്ചംബരം റോഡ് വഴി പോയി പട്ടപ്പാറ ഭാരതീയ വിദ്യാഭവന്‍ റോഡിലേക്ക് തിരിഞ്ഞു.

ഇടുങ്ങിയ റോഡായതിനാല്‍ പോലീസിന്റെ വഴി തടയുന്നതിനാണ് പൂഴി റോഡില്‍ ഇറക്കി സംഘം സ്ഥലംവിട്ടത്.

മുയ്യംഭാഗത്തേക്കാണ് ലോറി ഓടിച്ചുപോയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.