മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആര്‍എസ്എസ് ആക്രമണം-സതീഷ് തില്ലങ്കേരിക്ക് പരിക്ക്-

മട്ടന്നൂര്‍: മട്ടന്നൂര്‍ മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആര്‍എസ്എസ് ആക്രമണം.

സംഘടിച്ചെത്തിയ സംഘപരിവാര്‍സംഘം ക്ഷേത്ര ഓഫീസില്‍ അതിക്രമിച്ച് കയറി ദേവസ്വം ബോര്‍ഡ് അംഗം സതീശന്‍ തില്ലങ്കേരിയെ ആക്രമിക്കുകയായിരുന്നു.

ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം ഓഫീസില്‍ എക്‌സിക്യൂട്ടീവ് ഓഫീസറുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിനെതിരെ ആക്രമണമുണ്ടായത്.

കഴിഞ്ഞ ദിവസമാണ് ക്ഷേത്രം ദേവസ്വംബോര്‍ഡ് ഏറ്റെടുത്തത്. ഇതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ മനപ്പൂര്‍വം ആക്രമണം സൃഷ്ടിക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്.

ഇതിന്റെ ഭാഗമായാണ് ദേവസ്വം ബോര്‍ഡ് അംഗവും ആദ്ധ്യാത്മിക പ്രഭാഷകനും സംസ്‌കൃതി ജില്ലാ ചെയര്‍മാനുമായ സതീശന്‍ തില്ലങ്കേരിക്ക് നേരെ ക്ഷേത്രത്തിനകത്തുവച്ച് തന്നെ ആക്രമണം അഴിച്ചുവിട്ടത്.

ക്ഷേത്രം ദേവസ്വംബോര്‍ഡ് ഏറ്റെടുത്ത വിഷയം സംസാരിച്ച് തുടങ്ങിയ അക്രമികള്‍ തുടര്‍ന്ന് അസഭ്യം പറഞ്ഞ് അക്രമിക്കുകയായിരുന്നുവെന്ന് സതീശന്‍ തില്ലങ്കേരി പറഞ്ഞു.

അക്രമത്തില്‍ പരിക്കേറ്റ ഇദ്ദേഹത്തെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സതീശന്‍ തില്ലങ്കേരിയുടെയും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെയും പരാതിയില്‍ മട്ടന്നൂര്‍ പൊലീസ് കേസെടുത്തു.

മട്ടന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ സംഘടിച്ചെത്തിയ ആര്‍എസ്എസ് സംഘം ദേവസ്വം ബോര്‍ഡ് അംഗവും സംസ്‌കൃതി ജില്ലാ ചെയര്‍മാനും ആദ്ധ്യത്മിക പ്രഭാഷകനുമായ സതീശന്‍ തില്ലങ്കേരിയെ

കയ്യേറ്റം ചെയ്തതില്‍ ടെമ്പിള്‍ കോര്‍ഡിനേഷന്‍ തളിപ്പറമ്പ് ഏരിയ കമ്മിറ്റി ചെയര്‍മാന്‍ പി.വി.സതീഷ്‌കുമാറും വൈസ് ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍ നായരും പ്രതിഷേധിച്ചു.

പാലകുളങ്ങര ദേവസ്വം ട്രസ്റ്റി ബോര്‍ഡും സംഭവത്തില്‍ പ്രതിഷേധിച്ചു.

അക്രമികളെ ഉടന്‍ പിടികൂടണമെന്നും ക്ഷേത്രത്തിന് സംരക്ഷണം നല്‍കണമെന്നും ടെമ്പിള്‍ കോര്‍ഡിനേഷന്‍ തളിപ്പറമ്പ് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.