മെഡിക്കല്‍ കോളേജ് കെട്ടിടത്തിന് പിന്‍ഭാഗത്തെ ചുമരിന്റെ വിടവിലൂടെ വീണ പൂച്ചക്കുഞ്ഞിനെയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്.
മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കേരള ബാങ്കിന്റെ പിന്‍ഭാഗത്തെ ചുമരിനോട് ചേര്‍ന്ന ഇരുപതടിയിലേറെ താഴ്ച്ചയുള്ള കുഴിയിലാണ് പൂച്ചക്കുട്ടി അകപ്പെട്ടത്.
കരച്ചില്‍കേട്ട് ബാങ്ക് ജീവനക്കാരാണ് സുരക്ഷസേനയെ അറിയിച്ചത്.
ഇവര്‍ ഏറെ നേരം പരിശ്രമിച്ചുവെങ്കിലും പൂച്ചക്കുഞ്ഞിനെ രക്ഷിക്കാനായില്ല.
വൈകുന്നേരത്തോടെ വിവരമറിഞ്ഞ മെഡിക്കല്‍കോളേജ് ജീവനക്കാരന്‍ ടി.പി.പവിത്രന്‍ മൃഗക്ഷേമ പ്രവര്‍ത്തകന്‍ ഏഴിലോട്ടെ ആല്‍വിനെ വിവരം ധരിപ്പിച്ച് സഹായം ആവശ്യപ്പെട്ടു.
ആല്‍വിന്‍ വനംവകുപ്പിന്റെ രക്ഷ വിഭാഗത്തെ ബന്ധപ്പെട്ട് അവര്‍ മുഖേന പയ്യന്നൂര്‍ അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു.
ഈ സമയം അടിയന്തിര തീപിടുത്തമറിഞ്ഞ് സേനാംഗങ്ങള്‍ പുറത്തുപോയിരുന്നു.
അഗ്നിശമനസേന നല്‍കിയ ഫോണ്‍നമ്പറില്‍ വൈല്‍ഡ്‌ലൈഫ് റസ്‌ക്യൂവര്‍ തളിപ്പറമ്പ് പനങ്ങാട്ടൂരിലെ സുജീന്ദ്രന്‍ മൊട്ടമ്മലിനെ വിളിച്ച് വിവരം പറഞ്ഞു.
ഈ സമയം ഒരു പാമ്പിനെ രക്ഷപ്പെടുത്താനുള്ള ജോലിയിലായിരുന്നു സുജീന്ദ്രന്‍.
രാത്രി ഒന്‍പതരയോടെയാണ് സുജീന്ദ്രന്‍ മെഡിക്കല്‍ കോളേജില്‍ എത്തിയത്.
വായുസഞ്ചാരം കുറവായ കുഴിയിലേക്ക് കയര്‍ ഉപയോഗിച്ച് ഇറങ്ങി പൂച്ചക്കുഞ്ഞിനെ കൂട്ടിലാക്കി പുറത്തെത്തിക്കുകയായിരുന്നു.
പത്ത്മണിയോടെയാണ് പൂച്ചക്കുഞ്ഞിനെ സുരക്ഷിതമായി പുറത്തേക്ക് കൊണ്ടുവന്നത്.