ബൈക്കിനകത്ത് കുടുങ്ങിയ പാമ്പിനെ രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: ബൈക്കിന്റെ ഹെഡ്ലാമ്പിനകത്ത് കുടുങ്ങിയ പെരുമ്പാമ്പിന്റെ കുഞ്ഞിനെ രക്ഷപ്പെടുത്തി.

തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപം മെയിന്‍ റോഡിലാണ് സംഭവം. അരിയിലെ മുട്ടുക്കാരന്‍ കുന്നുവന്‍ വളപ്പില്‍ റഷീദിന്റെ ബൈക്കിനകത്താണ് പാമ്പ് കയറിയത്.

പകല്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത പള്‍സര്‍ ബൈക്ക് എടുക്കാനായി രാത്രി ഒന്‍പതോടെ റഷീദ് എത്തിയപ്പോഴാണ് ബൈക്കില്‍ പാമ്പിനെ കണ്ടത്.

ഉടന്‍ തന്നെ തൃച്ചംബരത്തെ പാമ്പ് സംരക്ഷകന്‍ അനിലിനെ വിളിച്ചുവരുത്തിയെങ്കിലും ഇതിനിടയില്‍ പാമ്പ് ഹെഡ് ലൈറ്റിനകത്തേക്ക് കയറി.

അരമണിക്കൂറിലേറെ പരിശ്രമിച്ച ശേഷമാണ് പാമ്പിനെ പുറത്തെടുത്തത്.

മുട്ടവിരിഞ്ഞ് രണ്ടാഴ്ച്ച പ്രായമായ കുഞ്ഞായതിനാല്‍ പരിക്കേല്‍ക്കാതിരിക്കാന്‍ അതീവ സൂക്ഷ്മമായാണ് കുഞ്ഞിനെ പുറത്തെടുത്തത്.

തണുപ്പുകാലത്ത് ചൂട് ലഭിക്കാനാണ് പാമ്പുകള്‍ ഇരുചക്രവാഹനങ്ങളില്‍ കയറിക്കൂടുന്നതെന്നും അധികസമയം ഒരു സ്ഥലത്ത് പാര്‍ക്ക് ചെയ്ത വാഹനം എടുത്തുകൊണ്ടുപോകുമ്പോള്‍ ജാഗ്രത കാണിക്കണമെന്ന് പാമ്പ് സംരക്ഷകന്‍ അനില്‍ തൃച്ചംബരം പറഞ്ഞു.