രാജാവിനേയും രാജ്ഞിയേയും രക്ഷപ്പെടുത്തി ! അതിസാഹസികമായി-
രാജവെമ്പാലയെ കൊല്ലുന്നത് ആറ് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റം
തളിപ്പറമ്പ്: രണ്ടു രാജവെമ്പാലകളെ അതിസാഹസികമായി രക്ഷപ്പെടുത്തി.
ഉദയഗിരി മാമ്പൊയിലിലെ തോമസ് മാത്യുവിന്റെ റബ്ബര്‍എസ്റ്റേറ്റിലെ കരിങ്കല്‍കെട്ടിനകത്ത് കുടുങ്ങിക്കിടക്കുകയായിരുന്ന എട്ടടിയോളം നീളമുള്ള പെണ്‍പാമ്പിനെയാണ് സ്നേക്ക് റെസ്ക്യൂയറും പരിസ്ഥിതി വന്യജീവി സംരക്ഷകന്‍ വിജയ് നീലകണ്ഠന്, രഗിനേഷ് മുണ്ടേരി എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഇരവിഴുങ്ങിയ പാമ്പായതു കൊണ്ട് വളരെ ശ്രദ്ധയോടെയാണ് പാമ്പിനെ രക്ഷിച്ചത്.
ഈ സമയത്തുതന്നെയാണ് വൈകുന്നേരം മൂന്നരയോടെ പാത്തന്‍പാറയിലെ ആനപ്പാറ വീട്ടില്‍ സാബു അഗസ്റ്റിന്റെ വീട്ടില്‍ നിന്നും മറ്റൊരു രാജവെമ്പാലയെ കണ്ട വിവരം ഫോണിലൂടെ എത്തിയത്.
ഇദ്ദേഹത്തിന്റെ മീന്‍വളര്‍ത്തല്‍ കുളത്തിലായിരുന്നു രാജവെമ്പാല. ഒന്‍പത് അടിയോളം നീളമുള്ള ആണ് രാജവെമ്പാലയാണ് ഇവിടെ മീന്‍കുളത്തില്‍ കുടുങ്ങിയത്.
വളരെ വിസ്താരമേറിയ ഇടങ്ങളില്‍ സഞ്ചരിക്കുന്ന, കടുത്ത വിഷമുള്ള രാജവെമ്പാല പ്രകോപനം ഉണ്ടായാല്‍ അതീവ അപകടകാരിയാണെങ്കിലും സാധാരണയ്ക്ക് ഇവ മര്യാദക്കാരും മനുഷ്യരുമായി ഇടയാന്‍ നില്‍ക്കാത്തവരുമാണെന്ന് വിജയ് നീലകണ്ഠന് പറഞ്ഞു.
വനനശീകരണവും കാര്‍ഷിക ഭൂമിയുടെ വ്യാപനവും മൂലം ആവാസവ്യവസ്ഥയുടെ നാശമാണ് കിംഗ് കോബ്രയെ പ്രധാനമായും ഭീഷണിപ്പെടുത്തുന്നത്.
ഇന്ത്യയില്‍, 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍ രണ്ട് പ്രകാരമാണ് ഇതിനെ സംരക്ഷിക്കുന്നത്.
ഒരു രാജവെമ്പാലയെ കൊല്ലുന്നത് ആറ് വര്‍ഷം വരെ തടവിന് ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണെന്ന് രഗിനേഷ് മുണ്ടേരി കൂട്ടി ചേര്‍ത്തു.
ലോകത്തിലെ ഏറ്റവും നീളം കൂടിയ വിഷമുള്ള പാമ്പായ രാജവെമ്പാല ഇണചേരുന്ന സമയമായതിനാല്‍ രണ്ട് പാമ്പുകളേയും അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ തളിപ്പറമ്പ് റേഞ്ച് ഫോറസ്ററ് ഓഫീസര്‍ വി.വി.രതീശന്റെ നിര്‍ദ്ദേശത്തില്‍ വിട്ടയച്ചു.