ഇങ്ങനെയൊരു പ്രതികാരര കഥ ഇതൊന്നുമാത്രം-സീസണ്‍ @35.

പ്രതികാര കഥകള്‍ പറയുന്ന സിനിമകള്‍ മലയാളത്തിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും ധാരാളം ഉണ്ടായിട്ടുണ്ട്.

പക്ഷെ, പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സീസണ്‍ പോലെ മറ്റൊരു പ്രതികാര കഥ ലോക സിനിമയില്‍ ഒരിടത്തും ഉണ്ടാവില്ല.

കോവളത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ സിനിമക്ക് വേണ്ടി ഇളയരാജ ഒരുക്കിയ സംഗീതം എടുത്തുപറയേണ്ടതാണ്.

സിനിമയുടെ ഒഴുക്കിനൊപ്പം പോകാന്‍ പ്രേക്ഷകരെ നിര്‍ബന്ധിക്കുന്നതാണ് ഇതിന്റെ പശ്ചാത്തലസംഗീതം.

ശ്രീകുമാരന്‍തമ്പി എഴുതിയ രണ്ട് പാട്ടുകളാണ് ഈ സിനിമയില്‍. പോയ് വരൂ എന്ന രണ്ട് വാക്കുകള്‍ മാത്രം ഉപയോഗിച്ചുള്ള ജയചന്ദ്രന്‍ ആലപിച്ച ഗാനത്തില്‍ ബാക്കി ഭാഗത്ത് പത്മരാജന്റെ ശബ്ദത്തിലുള്ള ഗദ്യകവിതാ ശകലങ്ങളാണുള്ളത്.

മലയാളത്തിലെ അപൂര്‍വ്വ റാപ്ഗാനമായി ഇതിനെ കണക്കാക്കാം.

ചിത്ര പാടിയ സ്വപ്‌നങ്ങള്‍ തന്‍ തെയ്യം നൃത്തം ചെയ്യും തീരം എന്ന ഗാനവും അസ്വാദ്യകരമാണ്.

കോവളം കടപ്പുറത്ത് എണ്‍പതുകളില്‍ നടക്കുന്ന കഥയാണ്. വിദേശ വസ്തുക്കളുടെ വില്‍പ്പനയും കോവളം കടപ്പുറത്ത് റസ്റ്റോറന്റും നടത്തുന്ന ജീവന്‍ എന്ന മോഹന്‍ലാല്‍.

ബ്രൗണ്‍ ഷുഗര്‍ വില്‍ക്കുന്ന അശോകന്‍, മണിയന്‍പിള്ള രാജു എന്നിവര്‍ ലാലിന്റെ സഹായികള്‍ കൂടിയാണ്.

ഗാവിന്‍ സായിപ്പും മലയാളി ഗേള്‍ഫ്രണ്ടും അവിടെ കറങ്ങി നടപ്പുണ്ട്. സായിപ്പുമായി ബ്രൗണ്‍ ഷുഗര്‍ കച്ചവടം നടത്തുന്നു മണിയന്‍പിള്ളയും അശോകനും.

കാശ് കൈപ്പറ്റിയ ഉടനെ സായിപ്പ് കാശ് തിരിച്ച് തരാന്‍ പറഞ്ഞ് അശോകനെ വെടിവച്ച് കൊന്നു. ഇതിനിടെ മോഹന്‍ലാല്‍ വീട്ടില്‍ ഒളിപ്പിച്ചിരുന്ന കാശ് സായിപ്പിന്റെ കാമുകി അടിച്ചു മാറ്റി.

കാശ് കണ്ടപ്പോള്‍ സായിപ്പ് അവളെ ഉപേക്ഷിച്ച് രക്ഷപെട്ടു. സായിപ്പിനെ പിന്‍തുടര്‍ന്ന മണിയന്‍പിള്ളയെയും അയാള്‍ കൊലപ്പെടുത്തുന്നു. ലാലന്റെ കാറാണ് മണിയന്‍പിള്ള ഉപയോഗിച്ചിരുന്നത് എന്നതിനാല്‍ ലാലിനെ പോലീസ് അറസ്റ്റ് ചെയ്തു.

5 വര്‍ഷത്തെ ശിക്ഷയുടെ കാലാവധി പൂര്‍ത്തിയാക്കാന്‍ നേരമാണ് ഗാവന്‍ സായിപ്പ് ജയിലില്‍ വരുന്നത്.

സായിപ്പിനെ ജയിലില്‍ നിന്നിറക്കി പ്രതികാരം ചെയ്യലാണ് ഇനി ശേഷിക്കുന്നത്.

അത് നിര്‍വ്വഹിച്ച് സായിപ്പിന്റെ മൃതദേഹവുമായി ലാല്‍ വീണ്ടും ജയിലിലെത്തുന്നതോടെ സിനിമ അവസാനിക്കുന്നു.

ലീനനായര്‍, ശാരി, ജഗതി, അസീസ് എന്നിവരും സിനിമയിലുണ്ട്.

ശാന്തി സിനി ആര്‍ട്‌സിന് വേണ്ടി പന്തളം ഗോപിനാഥ് നിര്‍മ്മിച്ച സിനിമയുടെ ക്യാമറ-വേണു, എഡിറ്റര്‍ ബി.ലെനിന്‍. കലാസംവിധാനം സുന്ദരം. 1989 മാര്‍ച്ച് 31 നാണ് 35 വര്‍ഷം മുമ്പ് റിലീസ് ചെയ്തത്.