നാറ്റക്കേസ്–പരിയാരത്ത് മൂന്നുപേര്‍ അറസ്റ്റില്‍-

പരിയാരം: നാറ്റക്കേസില്‍ പരിയാരത്ത് മൂന്നുപേര്‍ അറസ്റ്റിലായി, വാഹനവും പോലീസ് കസ്റ്റഡിയില്‍.

പരിയാരം എസ്.ഐ.കെ.വി.സതീശന്റെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ പട്രോളിങ്ങിനിടയിലാണ് തിരുവട്ടൂര്‍ തോട്ടിക്കീല്‍ റോഡില്‍ വെച്ച് ഇവരെ പിടികൂടിയത്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങളില്‍ കക്കൂസ് മാലിന്യം കൊണ്ടുവന്ന് ഒഴുക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

ഇടുക്കി അടിമാലിയിലെ സജിയുടെ മകന്‍ രാഹുല്‍ സജി(36), ആലക്കോട്ടെ അനിലിന്റെ മകന്‍ കെ.എ.അഭിജിത്ത്(24), ഇടുക്കി ബൈസണ്‍വാലിയിലെ സെല്‍വത്തിന്റെ മകന്‍ രഞ്ജിത്ത് സെല്‍വം(30) എന്നിവരാണ് അറസ്റ്റിലായത്.

മാലിന്യം തള്ളാന്‍ ഉപയോഗിച്ച കെ.എല്‍.56 സി-8362 വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

20,000 മുതല്‍ 60,000 രൂപവരെ ഈടാക്കിയാണ് ഇവര്‍ കക്കൂസ്മാലിന്യങ്ങള്‍ തള്ളുന്നതിന്കരാറെടുക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ഒരു പ്രദേശത്ത് മാലിന്യം തള്ളിയാല്‍ പിന്നീട് മാസങ്ങള്‍ക്ക് ശേഷം മാത്രമേ ആ ഭാഗത്തേക്ക് പിന്നീട് പോകുകയുള്ളൂവെന്നാണ് ഇവരുടെ രീതി.

വന്‍സംഘം തന്നെയാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നതെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.