മുത്തും മൂടി പൊന്നും ചൂടിവന്ന ഷാനവാസ് ഇനി ഓര്‍മ്മ.
1978 ല്‍ കെ.കെ.ചന്ദ്രന് സംവിധാനം ചെയ്ത ആശ്രമം എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഷാനവാസ് ഒരു നടനെന്ന നിലയില്‍ പ്രേക്ഷക പ്രീതി നേടിയത് 1981 ല്‍ 44 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലചന്ദ്രമേനോന്റെ പ്രേമഗീതങ്ങള്‍ എന്ന സിനിമയിലൂടെയാണ്.

1981 ആഗസ്ത് 21 നാണ് പ്രേമഗീതങ്ങള്‍ റിലീസ് ചെയ്തത്.
നിത്യഹരിതനായകന് പ്രേംനസീറിന്റെ ഏക മകന് നായകനായി അരങ്ങേറ്റം കുറിക്കുന്ന സിനിമ എന്ന നിലയില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത് അര്മാദിച്ച സിനിമയായിരുന്നു പ്രേമഗീതങ്ങള്‍.
ഈ സിനിമയില്‍ ഷാനവാസും അംബികയും ചേര്‍ന്ന് സിനിമയില്‍ പാടുന്ന മുത്തുമൂടിപൊന്നും നീചൂടിവാ–എന്ന ഗാനം യേശുദാസും വാണിജയറാമും ചേര്‍ന്ന് പിന്നണിപാടിയ ഈ ഗാനത്തിനിടയില്‍ അന്നത്തെ പ്രേക്ഷകര്‍ തിയേറ്ററില്‍ ആഹ്ളാദനൃത്തം ചവിട്ടുകയായിരുന്നു.
സൂപ്പര്‍ ഹിറ്റായി മാറിയ പ്രേമഗീതങ്ങളിലൂടെ മലയാളത്തില്‍ പുതിയ താരോദയം ഉണ്ടായെന്ന് മാധ്യമങ്ങള്‍ ഒന്നടങ്കം പറഞ്ഞുവെങ്കിലും തുടര്‍ന്നുവന്ന സിനിമകളിലൂടെ പ്രേംനസീറിന്റെ സഹോദരന് പ്രേംനവാസിന്റെ അവസ്ഥയിലേക്ക് ഷാനവാസ് കൂപ്പുകുത്തിവീഴുന്ന കാഴ്ച്ചയാണ് മലയാള സിനിമാലോകം കണ്ടത്.
ഒരു തമിഴ്സിനിമ ഉള്‍പ്പെടെ വെറും 54 സിനിമകളില്‍ മാത്രമാണ് 44 വര്‍ഷത്തിനിടയില്‍ ഷാനവാസ് അഭിനയിച്ചത്.
ഇതില്‍ എടുത്തുപറയത്തക്ക അഭിനയമികവ് പുലര്‍ത്തിയ സിനിമകള്‍ വിരലിലെണ്ണാവുന്നവ മാത്രമാണ്.
1981 ല്‍ തന്നെ ശശികുമാര്‍ സംവിധാനം ചെയ്ത കോരിത്തരിച്ചനാള്‍ എന്ന സിനിമയിലെ ബാബുവാണ് ഷാനവാസിന് ലഭിച്ച മറ്റൊരു പ്രധാന വേഷം.
2011 ല്‍ പി.ടി.കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വീരപുത്രനില്‍ എന്ന മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിനെക്കുറിച്ചുള്ള സിനിമയിലെ കെ.പി.കേശവമേനോന്,
ഐ.വി.ശശിയുടെ നീലഗിരിയിലെ ശേഖര്‍ എന്നിവയാണ് അല്‍പ്പമെങ്കിലും അഭിനയപ്രാധാന്യമുള്ള വേഷം.
1987 എ.എം.രത്തിനം സംവിധാനം ചെയ്ത ജാതിപ്പൂക്കള്‍ എന്ന സിനിമയില്‍ നളിനിയുടെ നായകനായി അഭിനയിച്ചുവെങ്കിലും സിനിമ ശ്രദ്ധിക്കപ്പെട്ടില്ല.
2022 ല്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമനയില്‍ ശ്രീനി എന്ന ചെറിയ വേഷത്തിലാണ് അവസാനമായി ഷാനവാസ് വേഷമിട്ടത്.
1982 ല്‍ എന്‍.പി.സുരേഷ് സംവിധാനം ചെയ്ത ഇവന് ഒരു സിംഹം എന്ന ചിത്രത്തിലാണ് പിതാവ് പ്രേംനസീറും ഷാനവാസും അച്ഛനും മകനുമായി ആദ്യമായി വേഷമിട്ടത്.
പ്രഭ എന്ന കഥാപാത്രമായി എത്തിയ ഷാനവാസ് അന്ന് വലിയ കയ്യടി നേടിയിരുന്നു.
സംഘട്ടന രംഗങ്ങളില്‍ അച്ഛനും മകനും പരസ്പരം കൈകൊടുക്കുന്ന സീനുകളില്‍ തിയേറ്റര്‍ ഇളകിമറിഞ്ഞിരുന്നു.
പിന്നീട് ഇരട്ടിമധുരം(ശ്രീകുമാരന്‍തമ്പി), ജസ്റ്റിസ് രാജ(ആര്,കൃഷ്ണമൂര്‍ത്തി), മഴനിലാവ്(എസ്.എ.സലാം), ഈ യുഗം(എന്‍.പി.സുരേഷ്), ഹിമം(ജോഷി), പ്രശ്നം ഗുരുതരം(ബാലചന്ദ്രമേനോന്), മുഖ്യമന്ത്രി(ആലപ്പി അഷറഫ്), ഉയിര്‍ത്തെഴുന്നേല്‍പ്പ്(എന്‍.പി.സുരേഷ്), ആധിപത്യം(ശ്രീകുമാരന്‍തമ്പി), ഒരിക്കല്‍ ഒരിടത്ത്(ജേസി), നിങ്ങളില്‍ ഒരു സ്ത്രീ(എ.ബി.രാജ്) എന്നീ 12 സിനിമകളില്‍ ഷാനവാസും പ്രേംനസീറും ഒന്നിച്ചഭിയിച്ചു.
ഇതില്‍ മുഖ്യമന്ത്രിയിലെ തൊഴിലാളിനേതാവ് ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു.
