ഷവര്‍മ്മ മരണം- രണ്ടുപേര്‍ അറസ്റ്റില്‍. വിഷം വന്നത് മയോണൈസില്‍ നിന്നെന്ന് സംശയം-

ചെറുവത്തൂര്‍: ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് പതിനാറുകാരി മരിച്ച സംഭവത്തില്‍ 2 പേര്‍ പോലീസ് പിടിയില്‍.

നടത്തിപ്പുകാരന്‍ മംഗളൂരുവിലെ ഉള്ളാളില്‍ അനസ്, ഷവര്‍മ ഉണ്ടാക്കുന്ന നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് ചന്തേര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

പ്രതികള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യാകുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കരിവെള്ളൂരിലെ പരേതനായ ചന്ദ്രോത്ത് നാരായണന്റെയും ഇ.വി.പ്രസന്നയുടെയും ഏകമകള്‍ ദേവനന്ദ (16)ആണ് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് മരിച്ചത്.

ഷവര്‍മ കഴിച്ച മറ്റു 14 പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലാണ്. സംഭവത്തില്‍ അന്വഷണം റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്കു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഷവര്‍മ്മയ്‌ക്കൊപ്പം നല്‍കിയ മയോണൈസില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയിക്കുന്നത്. സംഭവത്തിന് പിന്നാലെ കട ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പൂട്ടി സീല്‍ ചെയ്തു.

നേരത്തെ കൊറോണ മാനദണ്ഡം ലംഘിച്ച് പ്രവര്‍ത്തിച്ചതിന് കടയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.