ഇരുപത് വര്‍ഷം കൊണ്ട് കേരളത്തെ ലോകത്തിലെ ഏറ്റവും വികസിതമായ പ്രദേശമായി മാറ്റുകയെന്ന ദൗത്യം പൂര്‍ത്തീകരിക്കും-എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ.

തളിപ്പറമ്പ്: ഇരുപത് വര്‍ഷം കൊണ്ട് കേരളത്തെ ലോകത്തിലെ ഏറ്റവും വികസിതമായ പ്രദേശമാക്കി മാറ്റുകയെന്നദൗത്യം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യുമെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ.

നമ്മുടെ നാട് ആഗ്രഹിക്കുന്നതിന് അപ്പുറത്തേക്ക് പിന്നണിയില്‍ കിടക്കുന്ന ജനവിഭാഗത്തെ എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ സ്ഥാപിക്കുന്ന ഷീലോഡ്ജിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു എം.എല്‍.എ.

കരിമ്പം ജില്ലാ കൃഷിഫാമിനെ ഫാം ടൂറിസം കേന്ദ്രമായി ഉയര്‍ത്താനുള്ള പദ്ധതികളും   ആവിഷ്‌ക്കരിച്ചുവരികയാണ്.

 

ലോകത്തിലെ ഏറ്റവും നല്ല മണ്ണാണ് കുറുമാത്തൂര്‍ പഞ്ചായത്തിലുള്ളതെന്ന് ബ്രിട്ടീഷുകാര്‍ തന്നെ കണ്ടുപിടിച്ചതാണ്.

അത് ഉപയോഗപ്പെടുത്താനുള്ള കര്‍മ്മ പദ്ധതികള്‍ ആവശ്യമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കൃഷി കാണാന്‍ മാത്രമല്ല, എങ്ങനെ കൃഷി ചെയ്യാമെന്നുകൂടി പരിശീലിക്കാവുന്ന സൗകര്യമാണ് കരിമ്പം ഫാമിലും കില പരിശീലനകേന്ദ്രത്തിലുമായി ഒരുക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ എട്ട് കോടി രൂപയുടെ പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കാനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷി ലോഡ്ജ് പുതിയ കാലഘട്ടത്തില്‍ ഏറ്റവും അത്യാവശ്യമായ ഒന്നാണെന്നും കൂടുതല്‍ വികസിപ്പിച്ച കെട്ടിട സൗകര്യങ്ങള്‍
വരും വര്‍ഷങ്ങളില്‍ ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ.കെ.കെ.രത്‌നകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം കൊയ്യം ജനാര്‍ദ്ദനന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ഷീബ, വി.എം.സീന,

വി.പി.മോഹനന്‍, ടി.സുലജ, ബേബി ഓടംപള്ളില്‍, ജോജി കന്നിക്കാട്ടില്‍, പി.ശ്രീമതി, കെ.എസ്.ചന്ദ്രശേഖരന്‍, സുനിജ ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രേമലത സ്വാഗതവും സെക്രട്ടെറി കെ.എം.പ്രസീത നന്ദിയും പറഞ്ഞു.