ഓപ്പറേഷന്‍ തിയേറ്ററിന് നീക്കിവെച്ച സ്ഥലത്ത് സെല്‍ഫ് ഫൈനാന്‍സിംഗ് നേഴ്‌സിംഗ് കോളേജ്

തളിപ്പറമ്പ്: ഓപ്പറേഷന്‍ തിയേറ്റര്‍ ഇല്ലെങ്കിലെന്താ-പണം വാങ്ങി പഠിപ്പിക്കുന്ന കോളേജ് വരട്ടെ.

തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി വളപ്പില്‍ അമ്മയും കുഞ്ഞും ആശുപത്രിയെന്ന പേരില്‍ നിര്‍മ്മിക്കപ്പെട്ട കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് ടെക്‌നോളജിയുടെ സെല്‍ഫ് ഫൈനാന്‍സിംഗ് കോളേജ് ആരംഭിച്ചിരിക്കുന്നത്.

ഓപ്പറേഷന്‍ തിയേറ്ററിന് വേണ്ടി മാറ്റിവെച്ച സ്ഥലമാണ് ഇപ്പോള്‍ നേഴ്‌സിംഗ് കോളേജാക്കി മാറ്റിയിരിക്കുന്നത്.

ഇതിനെതിരെ കഴിഞ്ഞ ദിവസം നടന്ന ആശുപത്രി വികസനസമിതി യോഗത്തില്‍ ചൂടേറിയ ചര്‍ച്ച തന്നെ നടന്നു.

ഒടുവില്‍ സര്‍ക്കാര്‍ ഉത്തരവിന്റെ ബലത്തില്‍ പിടിച്ചാണ് നേഴ്‌സിംഗ് കോളേജ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

1955 ലെ ട്രാവന്‍കൂര്‍-കൊച്ചിന്‍ സൊസൈറ്റി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു സൊസൈറ്റിയാണ് സി-മെറ്റ്.

വന്‍തോതില്‍ ഫീസ് ഇടാക്കിയാണ് ഈ സ്ഥാപനം നേഴ്‌സിംഗ് കോഴ്‌സ് നടത്തുന്നത്. അവര്‍ക്ക് വേണ്ടിയാണ് ഗവ.ആശുപത്രിയുടെ ഒരു വലിയ ഭാഗം സൗജന്യമായി വിട്ടുകൊടുത്തിരിക്കുന്നത്.

അടിസ്ഥാനസൗകര്യം പോലുമില്ലാതെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരം നട്ടംതിരിയുന്ന തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ടി എടുത്താല്‍ പൊങ്ങാത്ത കോടികളുടെ

കണക്ക് എം.വി.ഗോവിന്ദന്‍ എം.എല്‍.എ പ്രസംഗങ്ങളില്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ആധുനിക ഓപ്പറേഷന്‍ തിയേറ്ററിന് വേണ്ടി മാറ്റിവെച്ച സ്ഥലം സ്വകാര്യ സെല്‍ഫ് ഫൈനാന്‍സിംഗ് കോളേജിന് വേണ്ടി വിട്ടുനല്‍കിയത്.