ക്ലാസ്മുറിയില്‍ നിന്ന് വീണ്ടും ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി-
ഇരിട്ടി: സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി ഇരിട്ടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍ അണലിയെ പിടികൂടി.

പ്രസാദ് ഫാന്‍സ് അസോസിയേഷന്‍ റെസ്‌ക്യൂ വിംഗ് നടത്തിയ പരിശോധനയിലാണ് സ്‌കൂളിലെ ക്ലാസ് മുറിയോട് ചേര്‍ന്ന് ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നും അണലിയെ പിടികൂടിയത്.
നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ എത്തുന്ന വിദ്യാലയങ്ങളിലെ ക്ലാസ് മുറികളില്‍ പാമ്പുകള്‍ ഉണ്ടോ എന്നുള്ള പരിശോധനക്കായാണ് സോഷ്യല്‍
ഫോറസ്ട്രിയുടെ ഭാഗമായ പ്രസാദ് ഫാന്‍സ് അസോസിയേഷന്‍ റെസ്‌ക്യൂ ടീം ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയത്.
സ്‌കൂളിന്റെ ഹൈസ്‌കൂള്‍ വിഭാഗം പ്രവര്‍ത്തിക്കുന്ന ക്ലാസ് റൂമിന് തൊട്ടടുത്ത് ഒഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ പരിശോധന നടത്തുന്നതിനിടയിലാണ് കൂറ്റന്‍ അണലിയെ ഇവര്‍ കണ്ടെത്തിയത്.
ഒന്നര വര്‍ഷത്തോളമായി ആളനക്കമില്ലാത്ത ക്ലാസ് റൂമുകള്‍ ഉള്‍പ്പെടെ പാമ്പുകളുടെ ആവാസകേന്ദ്രമാകുവാനുള്ള സാഹചര്യം ഉണ്ടെന്നും ഇത്തരം പാമ്പുകളെ ശ്രദ്ധയില്‍പ്പെട്ടാല്‍ റെസ്‌ക്യൂ ടീമിനെ വിവരം അറിയിക്കണമെന്നും പ്രസാദ് ഫാന്‍സ് അസോസിയേഷന്‍ റസ്‌ക്യൂ വളണ്ടിയര്‍മാര്‍ പറഞ്ഞു.
മനോജ് കാമനാട്ട്, വിജിലേഷ് കോടിയേരി, ആദര്‍ശ് മട്ടന്നൂര്‍, ബിജു ഇരിട്ടി, എസ്. മിഷാന്ത്, ഷിജു ചിറ്റാരിപറമ്പ്, രഞ്ജിത്ത് കുമാര്‍, അജയ് മാണിയൂര്‍,എം. നിഖിലേഷ് തുടങ്ങിയവരുടെ സംഘമാണ് സ്‌കൂളുകളില്‍ പരിശോധന നടത്തിയത്.
