മാലമോഷ്ടാവായ കൗണ്‍സിലറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സി.പി.എം

കണ്ണൂര്‍: കൂത്തുപറമ്പില്‍ വയോധികയുടെ മാല കവര്‍ന്ന കേസില്‍ പ്രതിയായ പി.പി.രാജേഷിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗമായ രാജേഷ് പാര്‍ട്ടിയുടെ യശസിനും സല്‍പ്പേരിനും കളങ്കമേല്‍പ്പിക്കും വിധം പ്രവര്‍ത്തിച്ചതിനാണ് പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സി.പി.എം നഗരസഭാ കൗണ്‍സിലര്‍ പിടിയിലായത് നാടിനെ ഞെട്ടിച്ചിരുന്നു.

കൂത്തു പറമ്പ് നഗരസഭയിലെ നാലാം വാര്‍ഡായ നൂഞ്ഞുമ്പായിയിലെ സി.പി.എം കൗണ്‍സിലര്‍ മൂര്യാട് സ്വദേശി പി.പി.രാജേഷാണ് മോഷണകേസില്‍ പിടിയിലായത്.

നാടിനെയാകെ ഞെട്ടിച്ച കേസില്‍ സി.പി.എം പ്രാദേശിക നേതാവ് പിടിയിലായത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടുണ്ട്.

ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിരനടപടി സ്വീകരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ചത്.

ഈ വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് രാജേഷ്.

സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനായി കവര്‍ച്ചയ്ക്കിരയായ കണിയാര്‍ കുന്നിലെ കുന്നുമ്മല്‍ വീട്ടില്‍ പി.ജാനകിയുടെ (77) വീട്ടില്‍ ഇയാള്‍ചിലപ്പോഴൊക്കെ വരാറുണ്ടായിരുന്നു.

പാര്‍ട്ടി പരിപാടികള്‍ അറിയിക്കുന്നതിനും ലോക്കല്‍ കമ്മിറ്റിയംഗമെന്ന നിലയില്‍ എത്തിയിരുന്നു.

വീട്ടുകാരുമായി നല്ല സൗഹൃദമുണ്ടായിരുന്ന ഇയാള്‍ ജാനകിയുടെ മാല കവരുന്നതിനായി മഴക്കോട്ടും ഹെല്‍മെറ്റും കൈയ്യുറയും ധരിച്ചു തന്റെ ജുപ്പിറ്റര്‍ സ്‌കൂട്ടറിലാണ് എത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച്ച 12.45 ന് വീട്ടിന്റെ പിന്നാമ്പുറത്തു നിന്നും മീന്‍ മുറിക്കുകയായിരുന്ന ജാനകിയുടെ പിന്‍കഴുത്തില്‍ പിടിക്കുകയും മാല പൊട്ടിച്ചു റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ രക്ഷപ്പെടുകയുമായിരുന്നു.

സ്‌കൂട്ടറിന്റെ നമ്പര്‍ പ്‌ളേറ്റ് മറച്ചിരുന്നുവെങ്കിലും നീലകളര്‍ സ്‌കൂട്ടര്‍ പൊലിസ് അന്വേഷണത്തില്‍ തിരിച്ചറിയുകയായിരുന്നു.