സൗരോര്‍ജ്ജ നിലയം സ്ഥാപിച്ച് ചെങ്ങളായി ഗ്രാമപഞ്ചായത്ത്

ചെങ്ങളായി: വൈദ്യുതി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ച് ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഓഫീസ്.

6 ലക്ഷം രൂപ ചെലവഴിച്ചാണ് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മേല്‍ക്കൂരയില്‍ ശൃംഖലാ ബന്ധിത സൗരോര്‍ജ നിലയം ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ചത്.

ഗ്രാമ പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വര്‍ഷത്തില്‍ ഏകദേശം 70000 രൂപ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ നിലവില്‍ ഗ്രാമ പഞ്ചായത്തിന് ചെലവാകുന്നുണ്ട്.

സൗരോര്‍ജ നിലയം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇതിന് പരിഹാരമാകും.

10 കിലോവാട്ട് പീക്ക് സ്ഥാപിത ശേഷിയുള്ള സൗരോര്‍ജ നിലയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ ഓഫീസ് പ്രവര്‍ത്തനത്തനാവശ്യം കഴിഞ്ഞ് ബാക്കി വരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് കൈമാറും.

ഇങ്ങനെ കൈമാറുന്ന വൈദ്യുതിയുടെ വില (യൂണിറ്റടിസ്ഥാനത്തില്‍ കണക്കാക്കി) കെ.എസ്.ഇ.ബി ഗ്രാമപഞ്ചായത്തിന് നല്‍കും.

വ്യത്യസ്തമായ ഈ പ്രൊജക്ടിന്റെ കണ്‍സല്‍ട്ടണ്ടന്റ് കെ.എസ്.ഇ.ബി.എല്‍ ആണ്.

പദ്ധതിയുടെ നടത്തിപ്പിനു വേണ്ടി ഡി .പി.ആര്‍ തയാറാക്കിയതും നിര്‍വ്വഹണാവശ്യത്തിന് ഇ.പി.സി കോണ്‍ട്രാക്ടറെ തെരഞ്ഞെടുത്തതും പ്രൊജക്ട് കണ്‍സല്‍ട്ടന്റ് തന്നെയാണ്.

പദ്ധതി നിര്‍വ്വഹണം നടത്തിയത് കെ എസ്. ഇ.ബി. ചീഫ് എഞ്ചിനീയര്‍, ചെങ്ങളായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ഇ.പി.സി. കോണ്‍ട്രാക്ടര്‍ എന്നിവര്‍ ഒപ്പുവെച്ച ത്രികക്ഷി ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ്.

സൗരോര്‍ജ നിലയത്തിന്റെ 5 വര്‍ഷക്കാലയളവിലെ ഓപ്പറേഷന്‍ & മെയിന്റനന്‍സ് പ്രവൃത്തി ഉറപ്പു വരുത്തുന്നതിനുള്ള വ്യവസ്ഥയും ധാരണ പത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സൗരോര്‍ജ നിലയത്തിന്റെ സാങ്കേതിക പരിശോധനകള്‍ ഉടന്‍ പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യുമെന്ന് ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനന്‍ അറിയിച്ചു.