പാണപ്പുഴയിലും ചെങ്കല്‍പണകളില്‍ പരിശോധന- 7 ലോറികളും  2 ജെ.സി.ബികളും പിടിച്ചെടുത്തു-

പരിയാരം: പാണപ്പുഴയിലും അനധികൃത ചെങ്കല്‍പണകളില്‍ റവന്യൂ അധികൃതരുടെ പരിശോധന.

ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ തഹസില്‍ദാരുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇന്നലെ റെയിഡ് നടന്നത്.

ചട്ടംലംഘിച്ച് പ്രവര്‍ത്തിച്ചതിന് ഏഴ് ലോറികളും രണ്ട് ഡെ.സി.ബികളും പിടിച്ചെടുത്ത് പരിയാരം പോലീസിന് കൈമാറി. ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.പി.അജയകുമാര്‍ പാണപ്പുഴ വില്ലേജ് ഓഫീസര്‍ എ.കല്‍പ്പന എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയിഡ് നടന്നത്.

പാണപ്പുഴ വില്ലേജിലെ വിവിധ സ്ഥലങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വരുന്ന ചെങ്കല്‍ പണകളില്‍ നടത്തിയ റെയിഡില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പിടിച്ചെടുത്ത വാഹങ്ങള്‍ പരിയാരം പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചു വരുന്നത്.

വില്ലേജ് അസിസ്റ്റന്റ് പി.അഖില്‍, താലൂക്ക് ഓഫീസ് ജീവനക്കാരായ പി.പി.രാകേഷ്, ടി.ഉപേഷ് എന്നിവരും റെയിഡില്‍ പങ്കെടുത്തു.

തുടര്‍ന്നുള്ള ദിവസങ്ങളിലും റെയിഡ് തുടരുമെന്ന് പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ.ബാലഗോപാലന്‍ അറിയിച്ചു.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചെങ്കല്‍പണകളില്‍ അടുത്തകാലത്ത് റെയിഡ് കര്‍ശനമാക്കിയിട്ടുണ്ട്.

വിവാഗമായ കൊളത്തൂര് മാവിലംപാറയില്‍ ചെങ്കല്‍ഖനനം തന്നെ നിരോധിച്ചിരിക്കയാണ്.

മിച്ചഭൂമികള്‍ കയ്യേറി ഇതരസംസ്ഥാനക്കാരായ തൊഴിലാളികളെ ഉപയോഗിച്ചാണ് മിക്ക സ്ഥലങ്ങളിലും ചെങ്കല്‍ഖനനം നടക്കുന്നത്.