തെരുവ്നായ്ക്കള്‍ ആക്രമാസക്തരാകുന്നത് ഭക്ഷ്യക്ഷാമം കാരണം-ആനിമല്‍ ആന്റ് ബേര്‍ഡ്സ് വെല്ഫേര് ട്രസ്റ്റ്.
തളിപ്പറമ്പ്: തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുമതി തേടി സുപ്രീംകോടതിയില്‍ പോകുമെന്ന് പറയുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇവക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നുണ്ടോ എന്നുകൂടി അന്വേഷിക്കാന്‍ തയ്യാറാവണമെന്ന് മൃഗക്ഷേമസംഘടനയായ ആനിമല്‍ ആന്റ് ബേര്‍ഡ്സ് വെല്ഫേര് ട്രസ്റ്റ് ആവശ്യപ്പെട്ടു.
തെരുവ്നായ്ക്കള്‍ അക്രമാസക്തരാവാന്‍ കാരണം ആവശ്യമായ ഭക്ഷണം കിട്ടാത്തതാണെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു.
മഴ പെയ്തുതുടങ്ങിയതോടെ മൃഗങ്ങളും പക്ഷികളും ഭക്ഷണത്തിന് കടുത്ത ക്ഷാമം നേരിടുകയാണെന്നും ഇതിന് പരിഹാരം കാണുന്നതിന് പകരം തെരുവ് പട്ടികളെ കൊന്നൊടുക്കി പ്രശ്ന പരിഹാരം കാണുന്നത് കടുത്ത അനീതിയാണെന്നും സംഘടന വ്യക്തമാക്കി.
മാലിന്യസംസ്ക്കരണം സജീവമായതോടെയാണ് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണത്തിന് ക്ഷാമം നേരിട്ടു തുടങ്ങിയത്.
പൂച്ചകളുടെ എണ്ണത്തില്‍ വലിയതോതില്‍ കുറവ് സംഭവിച്ചിരിക്കയാണ്.
കാക്ക, പരുന്ത്, പ്രാവ്, അങ്ങാടിക്കിളികള്‍ എന്നിവ വംശനാശഭീഷണിയിലാണ്. കഴുകന്മാരുടെ എണ്ണത്തിലാണ് വലിയ കുറവ് സംഭവിച്ചത്.
ശുചിത്വത്തിന്റെ അടയാളമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കാക്കകള്‍ക്ക് പോലും ഇപ്പോള്‍ ഭക്ഷണം കിട്ടുന്നില്ല.
പ്രകൃതി സന്തുലിതാവസ്ഥയുടെ ഭാഗമായ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണം നല്കാന് തദ്ദേശഭരണസ്ഥാപനങ്ങള്‍ തയ്യാറാവണം.
മാലിന്യനിക്ഷേപത്തിന്റെ പേരില്‍ ഈടാക്കുന്ന തുക മുഴുവനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണം നല്‍കാനായി മാറ്റിവെക്കണമെന്നും ആനിമല്‍ ആന്റ് ബേര്‍ഡ്സ് വെല്ഫേര് ട്രസ്റ്റ് ആവശ്യപ്പെട്ടു.
മൃഗസംരക്ഷണവകുപ്പും ഇക്കാര്യത്തില്‍ ശക്തമായി ഇടപെടണമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.
