ക്ഷേത്രഭണ്ഡാരം എണ്ണുന്നതിനിടെ മോഷണം; സിഐടിയു ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ഏരിയാ പ്രസിഡന്റ് മുല്ലപ്പള്ളി നാരായണന് സസ്‌പെന്‍ഷന്‍
തളിപ്പറമ്പ്: തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ തുറന്നെണ്ണുന്ന സമയത്ത് പണം മോഷ്ടിച്ചതായുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ കുറ്റാരോപിതനായ ദേവസ്വം ക്ലര്‍ക്കിനെ സസ്‌പെന്റ് ചെയ്തു.
ജൂലായ്-25 ന് ഭണ്ഡാരം എണ്ണുന്ന സമയത്താണ് പണം മോഷ്ടിച്ചത്.
ശ്രീകൃഷ്ണസേവാസമിതി പ്രസിഡന്റ് എ.പി.ഗംഗാധരന്‍ നല്ഡകിയ പരാതിയെ തുടര്‍ന്ന് സി.സി ടി വി പരിശോധനയില്‍ കുറ്റാരോപിതനാക്കപ്പെട്ട തൃച്ചംബരം ക്ഷേത്രം എല്‍ ഡി ക്ലാര്‍ക്ക് ചെറിയൂരിലെ മുല്ലപ്പള്ളി നാരായണന്‍ പണം അപഹരിക്കുന്ന ദൃശ്യം കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.
ഭണ്ഡാരമെണ്ണുന്നതിന് സഹായിക്കാന്‍ എത്തിയ രണ്ട് ഭക്തര്‍ ദേവസ്വം അധികൃതര്‍ക്ക് സൂചന നല്‍കിയതിനെ തുടര്‍ന്നാണ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചത്.
ആരോപണം ശരിവെക്കുന്ന തെളിവുകള്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ക്ഷേത്ര ജീവനക്കാരനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത് മാറ്റി നിര്‍ത്താന്‍ ടി ടി കെ ദേവസ്വം അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുളളത്.
മോഷ്ടാവായ ക്ഷേത്ര ജീവനക്കാരനെതിരെ കര്‍ശന ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികളാണ് ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചിരുന്നത്.
മുമ്പ് വ്യാജ സര്‍വ്വീസ് ബുക്ക് ഉണ്ടാക്കിയതിന്റെ പേരില്‍ മലബാര്‍ ദേവസ്വം കമ്മീഷണര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലായ നാരായണനെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടി.ടി.കെ ദേവസ്വത്തിന് ഉത്തരവ് നല്‍കിയിരുന്നെങ്കിലും ഭരണസ്വാധീനമുപയോഗിച്ച് ശിക്ഷണനടപടികള്‍ മരവിപ്പിക്കുകയാണ് ഉണ്ടായത്.
ഭണ്ഡാര മോഷണത്തിന്റെ പേരില്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലായ മുല്ലപ്പള്ളി നാരായണന്‍ നിലവില്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) തളിപ്പറമ്പ ഏരിയാ പ്രസിഡന്റാണ്.
