റോഡ് ഇനി കിടുക്കാച്ചിയാവും; പി.സി.നസീറിന്റെ അപേക്ഷയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഇടപെടല്‍-

 

തളിപ്പറമ്പ്: സയ്യിദ് നഗര്‍-പുഷ്പഗിരി റോഡ് ഇനിമുതല്‍ കിടുക്കാച്ചിയാവും.

മലയോര പാതയിലെ തിരക്കേറിയ ഈ പ്രദേശത്ത് റോഡിന്റെ ഇരുവശങ്ങളിലും ഓവുചാലുകള്‍ക്ക് സ്‌ളാബ് ഇല്ലാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

ടാഗോര്‍ വിദ്യാനികേതന്‍, റോയല്‍ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍, പുഷ്പഗിരി സെന്റ് ജോസഫ്‌സ് സ്‌ക്കൂള്‍ എന്നീ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സുഖമായി നടന്നുപോകാനും ബസ് കാത്തുനില്‍ക്കാനും പ്രയാസം നേരിടുന്നത് ശ്രദ്ധയില്‍പെട്ട മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ ജന.സെക്രട്ടെറിയും നഗരസഭാ കൗണ്‍സിലറുമായ പി.സി.നസീര്‍ ഇത് സംബന്ധിച്ച് തളിപ്പറമ്പ് പൊതുമരാമത്ത് വകുപ്പ് അസി.എഞ്ചിനീയര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.

ഇത് പരിഗണിച്ചാണ് അടിയന്തിരമായി നടപടിക്ക് തീരുമാനമായത്. ആദ്യഘട്ടമെന്ന നിലയില്‍ സയ്യിദ്‌നഗര്‍ ടാഗോര്‍ വിദ്യാനികേതന്‍ പരിസരങ്ങളിലാണ് ഓവുചാലുകള്‍ക്ക് സ്‌ളാബ് വിരിക്കുന്നത്.

തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് നിസാര്‍ ഉള്‍പ്പെടെയുള്ളവരും ഈ ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു.

ഇത് പുഷ്പഗിരിവരെ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് നഗരസഭാ ചെയര്‍പേഴ്‌സനും സ്ഥിരം സമിതി അധ്യക്ഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

പുഷ്പഗിരിവരെ നവീകരിച്ചാല്‍ പ്രഭാതസവാരി നടത്തുന്നവര്‍ക്കും കാല്‍നടക്കാര്‍ക്കും ഏറെ ഗുണകരമായിരിക്കുമെന്നും ഇരുവരും പറഞ്ഞു.

വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെട്ടുവരുന്ന കാര്യത്തില്‍ ഇടപെട്ട പി.സി.നസീറിന്റെ പ്രവര്‍ത്തനം നാട്ടുകാര്‍ക്കിടയില്‍ മതിപ്പ് കൂട്ടിയിട്ടുണ്ട്.