കര്‍ഷകരെ കൃഷി പഠിപ്പിക്കാന്‍ വിവിധ പ്രദേശങ്ങളില്‍ സൗജന്യമായി ക്ലാസുകള്‍ നല്‍കി അവരെ പ്രചോദിപ്പിക്കുകയാണ് ഈ സംഘടന.
ഇന്നലെ കടമ്പേരി എ.എല്‍.പി സ്‌ക്കൂളില്‍ നടന്ന പതിമൂന്നാമത് കര്‍ഷകസദസ് പരിപാടിയില്‍ തണ്ണിമത്തന്‍ കൃഷി പഠിക്കാന്‍ നൂറിലേറെ പേരാണ് എത്തിച്ചേര്‍ന്നത്.
വിദഗ്ദ്ധരുടെ സാന്നിധ്യത്തില്‍ വിവിധ കൃഷികളില്‍ തഴക്കവും പഴക്കവുമുള്ള സാധാരണ കര്‍ഷകരാണ് അനുഭവങ്ങല്‍ പങ്കുവെച്ച് ക്ലാസെടുക്കുന്നത്.
തണ്ണിമത്തന്‍ കൃഷി പരിശീലിപ്പിക്കാന്‍ ഈ രംഗത്തെ പ്രഗല്‍ഭ കര്‍ഷകരായ രഞ്ജിത്ത് അഴീക്കോട്, ആന്തൂരിലെ ടി.മനോഹരന്‍, സുമ എന്നിവരെയാണ് ടാഫ്‌കോസ് ക്ഷണിച്ചുവരുത്തിയത്.
ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി.മുകുന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
രാജന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍മാരായ ടി.കെ.വി.നാരായണന്‍, കെ.പി.ഉണ്ണികൃഷ്ണന്‍, കൃഷി ഓഫീസര്‍ രാമകൃഷ്ണന്‍ മാവില എന്നിവര്‍ പ്രസംഗിച്ചു.
കണ്ണൂര്‍ ജില്ലയിലെ ഹരിതകേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ.സോമശേഖരനാണ് ടാഫ്‌കോസ് പ്രസിഡന്റ്.
പ്രകൃതിയേയും കൃഷിയേയും സ്‌നേഹിക്കുന്ന സന്നദ്ധപ്രവര്‍ത്തകരായ നിരവധിപേരാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.
ജൈവ മാലിന്യ സംസ്‌കരണ മേഖലയിലെ അറിയപ്പെടുന്ന ഉല്പന്നമായ ഹരിത മിത്രം ക്വയര്‍ വിത്ത് ഇനോക്കുലം എന്ന ഉല്പന്നം വിപണിയില്‍ എത്തിക്കുന്നതിന് പുറമേ നിരവധി കാര്‍ഷിക മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് ശ്രദ്ധേയ മാവുകയാണ് ടാഫ്‌കോസ്.
ടാഫ്‌കോസിന്റെ മറ്റൊരു ജനകീയ പ്രവര്‍ത്തനമാണ് കര്‍ഷക സദസ്സ്. ഓരോ കാര്‍ഷിക വിഷയത്തെയും അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന പരിപാടിയാണ് കര്‍ഷക സദസ്.
അഞ്ചരക്കണ്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹരിത മിത്രം ഇന്നോക്കുലം നിര്‍മ്മാണ യുനിറ്റ്. ക്വയര്‍പിത്ത് ഇനോക്കുലത്തിന് സംസ്ഥാന ശുചിത്വമിഷന്റെ അംഗീകാരം ലഭിച്ചതോടെ ഉല്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സൊസൈറ്റി പ്രവര്‍ത്തകര്‍.
വയനാട് ദുരന്ത കാലത്തെ പുനരധിവാസ ക്യാമ്പില്‍ ജൈവമാലിന്യം സംസ്‌കരിക്കാനുള്ള ചകിരിച്ചോര്‍ ഇനോക്കുലം പൂര്‍ണമായും സംഭാവനയായി നല്കിയത് ടാഫ്‌കോസായിരുന്നു.
ഹരിത കര്‍മ്മ സേന മുഖാന്തിരമാണ് കണ്ണൂര്‍ ജില്ലയില്‍ ഹരിത മിത്രം വിതരണം.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒറ്റഞാര്‍ കൃഷി, ചക്കമേള, എന്നിവയിലൂടെയാണ് ടാഫ് കോസ് രംഗത്തിറങ്ങിയത്.
സര്‍ക്കാര്‍ സഹായങ്ങള്‍ ഒന്നും ഇല്ലാതെയാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനം.
ടാഫ് കോസ് പ്രതിമാസം വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ പുതിയ നിരവധി കാര്‍ഷിക സംരംഭങ്ങള്‍ തുടങ്ങാനുള്ള പ്രചോദനവും നല്‍കുന്നു.