തളിപ്പറമ്പിലെ കയ്യേറിയ വഖഫ് സ്വത്തുക്കളുടെ വീണ്ടെടുപ്പ്: നിര്‍ണായക നീക്കവുമായി വഖഫ് ബോര്‍ഡ്.
തളിപ്പറമ്പ്: തളിപ്പറമ്പ് ജുമാഅത്ത്പള്ളിക്ക് കീഴിലെ വഖഫ് സ്വത്തുക്കള്‍ കയ്യേറ്റം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി നടത്തിവരുന്ന നിയമപോരാട്ടത്തില്‍ നിര്‍ണായകമായ വഴിത്തിരിവ്.
ജുമാഅത്ത് പള്ളിയില്‍ നിന്നും ലേലം ചെയ്‌തെടുത്തതല്ലാത്ത സ്ഥലം കൈവശം വെച്ചനുഭവിച്ചുവരുന്ന നൂറിലേറെ പേര്‍ക്കാണ് വഖഫ് ബോര്‍ഡ് കഴിഞ്ഞ ദിവസം മുതല്‍ നോട്ടീസ് അയച്ചുതുടങ്ങിയത്.
ഇവര്‍ കൈവശം വെച്ചുവരുന്ന സ്വത്തുക്കളുടെ വ്യക്തമായ രേഖകള്‍ സഹിതം കൊച്ചിയിലെ വഖഫ് ബോര്‍ഡ് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്.
119/2 എന്ന സര്‍വേ നമ്പറിലുള്ള സ്വത്തുക്കള്‍ കൈവശം വെച്ചുവരുന്നവര്‍ക്കാണ് ആദ്യഘട്ടത്തില്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
തളിപ്പറമ്പ് വില്ലേജില്‍ 500 ഏക്കറിലേറെ ഭൂമി തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെ കൈവശം ഉണ്ടായിരുന്നതായും ഇതില്‍ ഭൂരിഭാഗവും കൃത്രിരേഖകള്‍ ചമച്ച് പലരും തട്ടിയെടുത്തുവെന്നുമാണ് വഖഫ് സ്വത്ത് സംരക്ഷണസമിതി ആരോപിക്കുന്നത്.
ഈ സ്വത്ത് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് മഹല്ലിന് കീഴിലെ ഒരു വിഭാഗം വിശ്വാസികള്‍ 2022 മെയ് മാസം മുതല്‍ തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്.
സര്‍ക്കാര്‍ തലത്തിലും നിയമതലത്തിലും ഇവര്‍ നടത്തിവരുന്ന പോരാട്ടത്തിലെ നിര്‍ണായകമായ നേട്ടമാണിതെന്നാണ് വിലയിരുത്തല്‍.
അനധികൃതമായി കയ്യേറിയ വഖഫ് ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ശരിയായ രേഖകളുമായി വഖഫ്‌ബോര്‍ഡ് ഓഫീസില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശം.
ശരിയായ രേഖകള്‍ ഹാജരാക്കാത്തവരുടെ സ്വത്തുക്കള്‍ ബോര്‍ഡ് ഏറ്റെടുക്കും.
ഇപ്പോള്‍ തളിപ്പറമ്പ് ജുമാഅത്ത് പള്ളി കമ്മറ്റി എക്‌സിക്യുട്ടീവ് ഓഫീസറായി പ്രവര്‍ത്തിച്ചുവരുന്ന കണ്ണൂര്‍ സ്വദേശി അഡ്വ.ജാഫറിന് ഈ നടപടിയുടെ ഭാഗമായുള്ള സൂം മീറ്റിങ്ങില്‍ പങ്കെടുക്കണമെന്ന് വഖഫ് ബോര്‍ഡില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായും വിവരമുണ്ട്.
സി.അബ്ദുല്‍കരീം ചെയര്‍മാനും കെ.പി.എം.റിയാസുദ്ദീന്‍ സെക്രട്ടെറിയുമായ കമ്മറ്റിയാണ് വഖഫ് സ്വത്ത് സംരക്ഷണസമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത്.