തളിപ്പറമ്പ് ബാങ്ക് പ്രസിഡന്റ് ആര്–രുഗ്മിണിയോ അഷറഫോ-മോഹന്‍ദാസോ അതോ-അബ്ദുള്‍ഖാദര്‍ തുടരുമോ-
തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബര്‍ 27 ന്.

ഇത് സംബന്ധിച്ച് സഹകരണവകുപ്പ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു.
കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട കല്ലിങ്കീല്‍ പത്മനാഭന്‍ ഒക്ടോബര്‍ 15 ന് ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.
നിലവില്‍ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്‍ഖാദറിനാണ് പ്രസിഡന്റിന്റെ ചുമതല.
ഇന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനായി നോട്ടിഫിക്കേഷന്‍ വന്നത്.
നിലവില്‍ 11 മെമ്പര്‍മാരുള്ള ബാങ്ക് ഭരണസമിതിയില്‍ കോണ്‍ഗ്രസിന് ആറും മുസ്ലിംലീഗിന് 5 അംഗങ്ങളുമാണുള്ളത്.
ഇതില്‍ രാഹുല്‍ ദാമോദരന്‍ അംഗത്വം രാജിവെച്ചതിനാല്‍ 10 പേരാണ് ഭരണസമിതിയിലുള്ളത്.
പുതിയൊരാളെ ഡയരക്ടറായി 27 ന് മുമ്പായി നിയമിക്കാന്‍ സാങ്കേതിക തടസങ്ങള്‍ ഉള്ളതായാണ് സഹകരണ വകുപ്പ് അധികൃതര്‍ തന്നെ പറയുന്നത്.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസിനെ പ്രസിഡന്റായി നിയമിക്കാനാണ് ഡി.സി.സി.നേതൃത്വത്തിന്റെ താല്‍പര്യമെന്നറിയുന്നു.
എന്നാല്‍ ഇനി ഒന്നരവര്‍ഷത്തില്‍ കുറവായി മാത്രം കാലാവധിയുള്ള ബാങ്ക് ഭരണസമിതിയില്‍ പി.വി.രുഗ്മിണി, കുഞ്ഞമ്മതോമസ് എന്നിവരിലാരെയെങ്കിലും പ്രസിഡന്റായി നിയോഗിക്കണമെന്ന ചര്‍ച്ചയും സജീവമാണ്.
മുസ്ലിം ലീഗ് നേതാവും നിലവില്‍ പ്രസിഡന്റ്-ഇന്‍-ചാര്‍ജുമായ എ.പി.അബ്ദുല്‍ഖാദര്‍ പ്രസിഡന്റായി തുടരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
സസ്‌പെന്റ് ചെയ്യപ്പെട്ട കല്ലിങ്കീല്‍ പത്മനാഭന്‍ സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാണ്.
നിക്ഷേപകരുടെ നോമിനിയായി ഡയരക്ടര്‍ സ്ഥാനംലഭിച്ച കെ.എന്‍.അഷറഫിനെതിരെ സഹകരണ വകുപ്പിന് ലഭിച്ച പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്.
അഷറഫിനെയും അയോഗ്യനാക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
അതുകൊണ്ടുതന്നെ ബാങ്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
