തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍–(1)-സഞ്ജീവിരായര്‍ തിരുക്കോവില്‍ അയ്യങ്കാര്‍കുളം

സഞ്ജീവിരായര്‍ തിരുക്കോവില്‍ അയ്യങ്കാര്‍കുളം

കാഞ്ചീപുരം ജില്ലയില്‍ കാഞ്ചീപുരം പട്ടണത്തില്‍ നിന്ന് 9 കിലോമീറ്റര്‍ തെക്കായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന ഗ്രാമമാണ് അയ്യങ്കാര്‍കുളം.

കാഞ്ചീപുരത്ത് നിന്ന് കളക്ടര്‍ ഓഫീസ് കടന്ന് വന്തവാസിയിലേക്ക് പോകുമ്പോള്‍ പാലാര്‍ പാലം കടന്ന് അയ്യങ്കാര്‍കുളം ജംഗ്ഷന്‍ റോഡ് എന്ന ബോര്‍ഡ് കാണാം.

ഈ റോഡില്‍ നിന്ന് വലത്തോട്ട് പോയാല്‍ അവിടെ നിന്ന് 5 മിനിറ്റിനുള്ളില്‍ അയ്യങ്കാര്‍കുളത്തെത്താം.

ഏതാണ്ട് 750 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതുന്ന അതിപുരാതനമായ ഒരുക്ഷേത്രമാണ് ഇവിടെയുള്ള സഞ്ജീവിരായര്‍ തിരുക്കോവില്‍.

പുതിയതലമുറക്ക് ഈ ക്ഷേത്രം ഒരു സിനിമയുടെ ലൊക്കേഷനാണ്. 2012 ല്‍ റിലീസായ ബാല സംവിധാനം ചെയ്ത നാന്‍കടവുള്‍ എന്ന പ്രശസ്തമായ സിനിമയിലെ ഭിക്ഷാടകരെ തടവില്‍പാര്‍പ്പിക്കുന്ന ഭൂഗര്‍ഭഅറ ഈ ക്ഷേത്രത്തിന്റെ ഒരു ഭാഗമാണ്.

മഴക്കാലത്ത് പൂര്‍ണമായും വെള്ളംനിറയുന്നതാണ് ഈ ഭൂഗര്‍ഭഅറ.

ഒരു സാധാരണഗ്രാമമായ അയ്യങ്കാര്‍കുളത്ത് താമസസൗകര്യം കുറവാണെങ്കിലും അത്യാവശ്യക്കാര്‍ക്ക് ഇവിടെ താമസിക്കാന്‍ സൗകര്യമുണ്ട്.

ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഹനുമാന്‍ക്ഷേത്രങ്ങളില്‍ ഒന്നാണിത്. വളരെ വിശാലമായ സ്ഥലമാണ് ക്ഷേത്രത്തിനുള്ളത്.

പ്രധാനഗോപുരത്തിന്റെ മുന്നിലൂടെ തന്നെ റോഡ് കടന്നുപോകുന്നതിനാല്‍ വളരെ എളുപ്പത്തില്‍ തന്നെ ക്ഷേത്രത്തിലെത്തിച്ചേരാന്‍ കഴിയും.

ക്ഷേത്രനഗരിയായ കാഞ്ചീപുരത്തിന്റെ സമീപപ്രദേശമായതിനാലും ഏറെ പഴക്കംചെന്ന ക്ഷേത്രമായതിനാലും പ്രാദേശികമായി നിരവധിപേരാണ് ഇവിടെ എത്തിച്ചേരുന്നത്.

തമിഴ്‌നാടിന് പുറത്തുള്ളവര്‍ പൊതുവെ കുറവാണെന്ന്തന്നെ പറയാം.
ഈ ക്ഷേത്രത്തിന്റെ ഐതിഹ്യത്തിന് രാമായണ കാലഘട്ടവുമായി ബന്ധമുണ്ട്.

ഹനുമാന്‍ സഞ്ജീവി പര്‍വ്വതം(സഞ്ജീവി കുന്ന്) ശ്രീലങ്കയിലേക്ക് കൊണ്ടുപോകുമ്പോള്‍ കുന്നിന്റെ കുറച്ച് ഭാഗങ്ങള്‍ ഈ സ്ഥലത്ത് വീണതായി പറയപ്പെടുന്നു.

അതിനാല്‍ ഇവിടെയുള്ള ആഞ്ജനേയര്‍ക്ക് സഞ്ജീവീരായര്‍ എന്ന പേര് ലഭിച്ചു. ഈ ഗ്രാമത്തിന്റെ പേരിനു പിന്നിലും രസകരമായ ഒരു ചരിത്രവുമുണ്ട്.

1456-1543 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ശ്രീ ലക്ഷ്മി കുമാര തത്താചാരിയാര്‍ ആണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.

ഒരു മഹാ വൈഷ്ണവ പണ്ഡിതനും വിജയനഗര സാമ്രാജ്യത്തിലെ വളരെ പ്രശസ്തനായ വ്യക്തിത്വവുമായിരുന്നു തഥാദേശികന്‍ എന്നും അറിയപ്പെടുന്ന അദ്ദേഹം.

സമ്പന്നമായ വൈഷ്ണവ പാരമ്പര്യമുള്ള ശ്രീനാഥമുനി പരമ്പരയുടെ പിന്‍ഗാമിയായിരുന്നു.

‘മുഖ്യമന്ത്രി’ എന്ന നിലയിലും വിജയനഗര രാജാക്കന്മാര്‍, വെങ്കടപതി രായസ്‌ക (ശ്രീരംഗരായസ് എന്നും അറിയപ്പെടുന്നു) എന്നിവരുടെ ‘രാജഗുരു’ ആയും ഇരട്ട പദവികള്‍ വഹിച്ച ഒരേയൊരു വ്യക്തിയും അദ്ദേഹം ആയിരുന്നു.

രാജാക്കന്മാരില്‍ നിന്ന് വളരെ ഉയര്‍ന്ന ബഹുമാനവും സ്ഥാനവും ആസ്വദിച്ച അദ്ദേഹം കാഞ്ചീപുരം, ശ്രീപെരുമ്പത്തൂര്‍, കുംഭകോണം തുടങ്ങി നിരവധി സാമ്രാജ്യത്തിനകത്ത് നിലനിന്നിരുന്ന എല്ലാ ദിവ്യദേശങ്ങളുടെയും പരിപാലനത്തിനായി ‘ശ്രീ കാര്യ തുരന്തരര്‍’ ആയി നിയമിക്കപ്പെട്ടു.

ശ്രീരാമാനുജാചാര്യരുടെ തത്ത്വചിന്തകളും തത്വങ്ങളും അനുസരിച്ച് അദ്ദേഹം അക്കാലത്ത് പല ക്ഷേത്രങ്ങളിലും പതിവ് ആരാധനകളും ആചാരങ്ങളും പുനഃസ്ഥാപിച്ചു.

വിവിധ ക്ഷേത്രങ്ങള്‍ക്ക് അദ്ദേഹം നിരവധി സഹായങ്ങളും നല്‍കി.

സഞ്ജീവിരായര്‍ക്ഷേത്രത്തിന്റെ പിറകില്‍ വലിയ വിസ്തീര്‍ണമുള്ള ഒരു കുളമുണ്ടെങ്കിലും ഇതിലെ വെള്ളം അത്ര നല്ലതല്ലാത്തതിനാല്‍ കുളിക്കുന്നവര്‍ കുറവാണ്.

രാവിലെയാണ് കൂടുതലാളുകള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്. (നാളെ–ഗര്‍ഭരക്ഷാംബിക ക്ഷേത്രം, തിരുക്കരുക്കാവൂര്‍)