ക്ഷയരോഗ നിര്‍മാര്‍ജനം: വ്യാപാര മേഖലയില്‍ വ്യാപകമായി ക്യാമ്പും അവബോധവും സംഘടിപ്പിക്കും
കാസര്‍ഗോഡ്: കൂടുതല്‍ ആളുകളുമായി ഇടപഴകുന്ന ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും ജീവനക്കാര്‍ക്ക് ക്ഷയരോഗ നിര്‍മാര്‍ജന ക്യാമ്പുകളും അവബോധ ക്ലാസുകളും സംഘടിപ്പിക്കുന്നു.

കാസര്‍ഗോഡ് ജില്ല ടി.ബി ഓഫീസര്‍ ഡോ.എ.മുരളീധര നല്ലൂരായയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതളുള്ള മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, എയര്‍ കണ്ടീഷന്‍ഡ് ഷോറൂമുകള്‍, മാളുകള്‍, പൊടിപടലങ്ങള്‍ കൂടുതലായി ഉള്ള പ്രദേശങ്ങളിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്നത്.
അന്‍പതിലധികം പേര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ ചെന്ന് സ്‌ക്രീനിംഗ് നടത്തുമെന്നും ചെറുകിട സ്ഥാപനങ്ങളില്‍ വ്യാപാരി സംഘടനകളുടെയോ മറ്റോ സഹകരണത്തോടെ ഒരു നിശ്ചിത സ്ഥലത്ത് വെച്ച് ക്യാമ്പ് നടത്തുന്ന കാര്യം പരിഗണിക്കുമെന്നും ടി.ബി ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ ആദ്യമായി മലബാര്‍ ഗോള്‍ഡിന്റെ കാസര്‍ഗോഡ് ഷോറൂമിലാണ് ക്യാമ്പ് നടത്തിയത്.
കാസര്‍ഗോഡ് ടി ബി യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.നാരായണ പ്രദീപയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പിലും ക്ലാസിലും സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍മാരായ എസ്.രതീഷ് ജി.അഷിത, ടിബി ഹെല്‍ത്ത് വിസിറ്റര്‍ എസ്.കെ.നിധീഷ് ലാല്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് എസ്.രജനികാന്ത്, സൂപ്പര്‍വൈസര്‍ പി.പ്രവീണ എന്നിവര്‍ സംബന്ധിച്ചു.
മലബാര്‍ ഗോള്‍ഡിനു വേണ്ടി ഷോറൂം ഹെഡ് അബ്ദുല്‍ ബഷീര്‍, പി.മഹറൂഫ്, പി.ചന്ദ്രശേഖരന്‍ നായര്‍, കോ-ഓര്‍ഡിനേറ്റര്‍ എന്‍.മുഹമ്മദ് ശരീഫ് എന്നിവര്‍ സംസാരിച്ചു.
ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുമായി തുടര്‍ന്നും സഹകരിക്കുമെന്ന് മലബാര്‍ ഗോള്‍ഡ് അധികൃതര്‍ പറഞ്ഞു. ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ക്യാമ്പുകളുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള വ്യാപാര സ്ഥാപനങ്ങളും സംഘടനകളും കാസര്‍ഗോഡ് ജില്ലാ ടിബി സെന്ററുമായി ബന്ധപ്പെടണമെന്ന് ജില്ലാ ടി ബി ഓഫീസര്‍ അറിയിച്ചു.
കൂടാതെ ക്ഷയരോഗവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും ബന്ധപ്പെടാവുന്നതാണ്. ഫോണ്‍. 04994 222480
