നമ്മുടെ വനം വകുപ്പിന്റെ നല്ല തേക്ക് തടി വേണോ–കണ്ണോത്ത് തടി ഡിപ്പോയിലേക്ക് വരൂ-
കണ്ണൂര്‍: കണ്ണോത്ത് സര്‍ക്കാര്‍ തടി ഡിപ്പോയില്‍ 27.10.2021 മുതല്‍ തേക്ക് തടികളുടെ ചില്ലറ വില്പന ആരംഭിക്കുന്നു.
ചില്ലറ വില്പന പ്രകാരം വീട്ടുപണിക്കായി 5 ക്യുബിക്ക് മീറ്റര്‍ വരെ തേക്ക് തടികള്‍ കണ്ണോത്ത് സര്‍ക്കാര്‍ തടി ഡിപ്പോയില്‍ 2021 ഒക്ടോബര്‍ 27-ാം തിയ്യതി രാവിലെ 10 മണി മുതല്‍ മൂന്ന് മാസക്കാലയളവില്‍ സ്റ്റോക്ക് തീരും വരെ ലഭ്യമാണ്.
ഓരോ തടിക്കും നിശ്ചിത വില ഒടുക്കി ലേലത്തില്‍ പങ്കെടുക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട തടികള്‍ തിരഞ്ഞെടുക്കാവുന്നതാണ്.
സ്വന്തം വീട്ടുപണിക്കാണെന്ന് തെളിയിക്കുന്നതിന് മതിയായ രേഖകള്‍ ഇതിലേക്കായി അപേക്ഷകന് ഹാജരാക്കണം.
കോര്പ്പറേഷന്, മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് എന്നീ സ്ഥാപനങ്ങളില്‍ നിന്നും വീട്ടുപണിക്ക് ലഭിച്ച അനുമതി, കെട്ടിടത്തിന്റെ അംഗീകൃതപ്ലാന്‍, പാന്‍ കാര്‍ഡ് എന്നിവയുടെ അസ്സലും,
പകര്‍പ്പുകളും, അപേക്ഷകന്റെ പേരും മേല്‍വിലാസവും തെളിയിക്കുന്നതിന് ആവശ്യമായ രേഖകളും അവയുടെ പകര്‍പ്പുകളും ഹാജരാക്കേണ്ടതാണ്.
ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് പാസ്പോര്‍ട്ട് ഇവയിലേതെങ്കിലുമൊന്നിന്റെ പകര്‍പ്പ് ഉപയോഗിക്കാവുന്നതാണ്.
തടികള്‍ വീട്ടാവശ്യത്തിനാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിന് 200 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ അപേക്ഷകന്റെ പേരില്‍ ഹാജരാക്കേണ്ടതാണ്.
രേഖകള്‍ ഹാജരാക്കുന്ന മുറക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കുന്നതിനായി അപ്പോള്‍ തന്നെ ടോക്കന്‍ നല്‍കുന്നതാണ്. അപേക്ഷകന് തെരഞ്ഞെടുത്ത തടികളുടെ വില ഇ-ട്രഷറി ഓണ്‍ലെന്‍ മുഖേന അടക്കാവുന്നതാണ്.
തടികളുടെ മുഴുവന്‍ വിലയും നികുതികളും അടച്ചിട്ടുള്ള അപേക്ഷകന് തടികള്‍ ഡിപ്പോയില്‍ നിന്നും നീക്കം ചെയ്യാന്‍ 7 ദിവസത്തെ സമയം അനുവദിക്കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പര്‍ : 0490 2302080, 8547602859.