തൊണ്ടന്‍ചിറ അടിപ്പാലം നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം കനക്കുന്നു–

തളിപ്പറമ്പ്: അടിപ്പാലം നിര്‍മ്മാണത്തിന്റെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധം ശക്തമാവുന്നു.

ദേശീയപാത തളിപ്പറമ്പ് ബൈപ്പാസ്-കൂവോട് മുള്ളൂല്‍ റോഡില്‍ തൊണ്ടഞ്ചിറ അടിപ്പാലം നിര്‍മ്മാണത്ത ചൊല്ലിയാണ് രൂക്ഷമായ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.

അടിപ്പാലത്തിന്റെ ഉയരം 4 മീറ്ററാണെങ്കിലും, നിലവിലെ റോഡില്‍ നിന്നും ഒരു മീറ്റര്‍ കുഴിച്ചാണ് അടിപ്പാലത്തിന്റെ ബേസ്മെന്റ് ഉണ്ടാക്കിയിട്ടുള്ളത്.

ഇതോടൊപ്പം തൊണ്ടന്‍ചിറ പാലം കെ.എം.സുവര്‍ണ്ണകുമാറിന്റെ വീട് മുതല്‍ നിലവിലുള്ള റോഡ് കുഴിച്ച് താഴ്ത്തുമെന്നാണ് വിവരം.

ഇങ്ങനെ വന്നാല്‍ വര്‍ഷകാലത്ത് അടിപ്പാലം വെള്ളത്തിനടിയിലാവും.

ഇപ്പോള്‍ തന്നെ വര്‍ഷകാലത്ത് നിലവിലെ റോഡ് കവിഞ്ഞ് മഴവെള്ളം ഒഴുകുന്ന അവസ്ഥയാണുള്ളത്.

ആ സ്ഥാനത്താണ് ഒരു മീറ്ററോളം താഴ്ച്ചയില്‍ അടിപ്പാലം ബേസ്മെന്റ് ഉള്ളതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മഴക്കാലത്ത് ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷ, കാര്‍ എന്നിവ ഇതുവഴി കടന്നു പോവുക അസാധ്യമായിരിക്കും.

കഴിഞ്ഞ ദിവസം ഇവിടെ നിര്‍മ്മാണപുരോഗതി വിലയിരുത്താനെത്തിയ എന്‍.എച്ച്.എ.ഐ ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടറും പറഞ്ഞത് ഇനി തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നാണെന്ന് നാട്ടുകാര്‍ പറയുന്നു.

എം.എല്‍.എ മുഖേന മുഖ്യമന്ത്രി തലത്തില്‍ ഇടപെട്ടാല്‍ മാത്രമാണ് ഇതിനൊരു പരിഹാരം കാണാന്‍ കഴിയുകയുള്ളൂവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

ദേശീയപാത വരുന്നതുകൊണ്ട് ഇന്ന് അനുഭവിക്കുന്ന സൗകര്യങ്ങള്‍ ഇല്ലാതാക്കി ആജീവനാന്തം നാട്ടുകാരെ ബലിയാടാക്കരുതെന്ന് സി.പി.എം പ്രവര്‍ത്തകര്‍ തന്നെ പറയുന്നു.

മോറാഴ-വെള്ളിക്കില്‍-കീഴറ-ചെറുകുന്ന്- പറപ്പൂല്‍-മുള്ളൂല്‍-ഏഴോം ഭാഗങ്ങളിലുള്ളവര്‍ ഏഴാംമൈലിനെ ആശ്രയിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്.

വര്‍ഷകാലത്ത് വാഹനങ്ങള്‍ക്ക് പോകാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടാകുന്നതെങ്കില്‍ അത് പാര്‍ട്ടിക്കും സര്‍ക്കാറിനും ദോഷകരമാവുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെയുള്ള ചര്‍ച്ചകളില്‍ അഭിപ്രായപ്പെടുന്നത്.