മാധവി ബസിനെതിരെ ആയിരത്തിലേറെ പേരുടെ ഒപ്പുകള്‍ ശേഖരിച്ചതായി ആക്ഷന്‍ കമ്മറ്റി.
തളിപ്പറമ്പ്: മാധവി ബസ് ഉള്‍പ്പെടെ അമിത വേഗതയില്‍ പോകുന്ന സ്വകാര്യ ബസുകളെ നിയന്ത്രിക്കുക,
മാധവി ബസ് കൊലപ്പെടുത്തിയ ചുഴലിയിലെ ആഷിത്തിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക,
രണ്ടും മൂന്നും മിനുട്ടുകളുടെ വ്യത്യാസത്തില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചാണ് ചുഴലിയില്‍ നാട്ടുകാര്‍ മാധവി
ബസിനെതിരെ ജനകീയ ആക്ഷന്‍ കമ്മറ്റിക്ക് രൂപം നല്‍കിയതെന്ന് ഗ്രാമപഞ്ചായത്തംഗവും ആക്ഷന്‍ കമ്മറ്റി ചെയര്‍മാനുമായ എം.എം.പ്രജോഷ്, കണ്‍വീനര്‍ ടി.ഒ.സുരേഷ്, മരണപ്പെട്ട ആഷിത്തിന്റെ ബന്ധു ബിജു എന്നിവര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനെ അറിയിച്ചു.
ഈ മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആക്ഷന്‍ കമ്മറ്റി ആയിരത്തിലേറെ പേരുടെ ഒപ്പ് ശേഖരണം നടത്തിയിട്ടുണ്ട്.
തങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ നിവേദനങ്ങള്‍ ആര്‍.ടി.ഒ മുതല്‍ മുഖ്യമന്ത്രിവരെയുള്ളവര്‍ക്ക് സമര്‍പ്പിക്കാനും ആക്ഷന്‍ കമ്മറ്റി യോഗം തീരുമാനിച്ചതായി ഇവര്‍ പറഞ്ഞു.
ബസുകളുടെ അമിതവേഗത ഇനിയൊരു കുടുംബത്തിന്റെയും കണ്ണീരായി മാറാനിടവരാത്ത വിധത്തില്‍ വ്യാപകമായ ബോധവല്‍ക്കരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും ഇവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ചുഴലിയില്‍ ചേര്‍ന്ന ആക്ഷന്‍ കമ്മറ്റി രൂപീകരണ യോഗത്തില്‍ നൂറിലേരെ പേര്‍ പങ്കെടുത്തിരുന്നു.