തൃക്കാക്കരയില്‍ മെയ്-31 ന് തെരഞ്ഞെടുപ്പ്–കെ.റെയിലിന്റെ റഫറണ്ടമായേക്കും.

കൊച്ചി: പി.ടി.തോമസിന്റെ നിര്യാണത്തോടെ ഒഴിവുവന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

മെയ് 31ന് തിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.

വെള്ളിയാഴ്ച ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തീയതി തീരുമാനിച്ചത്.

കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തിരഞ്ഞെടുപ്പ് നടക്കണമെന്നായിരുന്നു സംസ്ഥാനത്ത് നിന്നുള്ള ആവശ്യം.

യുഡിഎഫിനും എല്‍ഡിഎഫിനും നിര്‍ണായകമാണ് തിരഞ്ഞെടുപ്പ്.

ഇരുമുന്നണികളും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുമായി മുന്നോട്ട് പോകുകയാണ്.

യുഡിഎഫിന് വലിയ മേല്‍ക്കൈയുള്ള മണ്ഡലമാണ് തൃക്കാക്കര. മണ്ഡലം രൂപീകരിച്ചതിന് ശേഷം ഒരിക്കല്‍പ്പോലും യുഡിഎഫിനെ കൈവിട്ടിട്ടില്ലെന്നതാണ് മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം.

2021 ല്‍ എല്‍ഡിഎഫ് തരംഗം സംസ്ഥാനത്ത് ആഞ്ഞടിച്ചപ്പോഴും തൃക്കാക്കര യുഡിഎഫിനൊപ്പം ഉറച്ച് നിന്നു.

കൊച്ചി നഗരസഭയിലെ 23 ഡിവിഷനുകളും ഒപ്പം തൃക്കാക്കര നഗരസഭയും അടങ്ങിയതാണ് മണ്ഡലം.

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നണികള്‍ മുന്നോട്ട് പോകുകയാണ്.

പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങാനുള്ള സാധ്യതയാണ് യുഡിഎഫ് ക്യാമ്പിലുള്ളത്.

പ്രദേശിക നേതാക്കളുടെ പേരും പരിഗണനയിലുണ്ട്. ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കുമെന്ന് ബിജെപിയും നേരത്തെ പറഞ്ഞിരുന്നു.

ട്വന്റി20യുടെ സാന്നിധ്യമുള്ള മണ്ഡലത്തില്‍ അവരുടെ നിലപാടും നിര്‍ണായകമാകും.