നാലു വര്‍ഷം കാല്‍നടയായി ഭാരതപര്യടനം—മോഹമുക്തിനേടി തുളസി കൃഷ്ണന്‍ വെയിലും തണലുമായി ജനങ്ങളിലേക്ക

തളിപ്പറമ്പ്: നാല് വര്‍ഷം കൊണ്ട് കാല്‍നടയായി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടന്ന യാത്രാ അനുഭവങ്ങളുമായി തുളസി കൃഷ്ണന്‍ കണ്ണൂരിലെത്തി.

ജീവിതത്തിന്റെ വര്‍ണങ്ങളും നാദങ്ങളും മാത്രമല്ല, ദുരിതങ്ങളും അനുഭവിച്ചറിയണമെന്ന ആഗ്രഹമാണ് നാലുവര്‍ഷം നീണ്ട യാത്രയെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ യാത്രാ അനുഭവങ്ങള്‍ പുസ്തക രൂപത്തിലാക്കി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യവുമായാണ് തിരുവല്ല സ്വദേശിയായ ഇദ്ദേഹം കേരളത്തിലുടനീളം സഞ്ചരിക്കുന്നത്.

വെയിലും തണലും എന്ന പേരിട്ടിരിക്കുന്ന പുസ്തകം അനുഭവങ്ങളുടെ ഒരു കലവറയാണ്.

കയ്യില്‍ ഒരു രൂപപോലും ഇല്ലാതെ തണുപ്പും കടുത്ത ചൂടും സഹിച്ച് രക്തം ഛര്‍ദ്ദിച്ച് മരിച്ചുവീണേക്കാമെന്ന അവസ്ഥയില്‍ പോലും ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച അനുഭവങ്ങളാണ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

20 സംസ്ഥാനങ്ങളിലൂടെ നടത്തിയ യാത്രയില്‍ ആസൂത്രണങ്ങളില്ലാതെ, ക്ലേശകരമായി, പൊതുജന ആശ്രയ അഭയ കേന്ദ്രങ്ങളും, ദേവാലയങ്ങളും സൈനിക കേന്ദ്രങ്ങളും അതിന്റെ ഉദ്ദേശശുദ്ധി ശരിയായി ഉള്‍ക്കൊണ്ട് കൊണ്ട് യാത്രാ സൗകര്യത്തിനായി ഉപയോഗപ്പെടുത്തിയതായി തുളസികൃഷ്ണന്‍ പറഞ്ഞു.

ഒരു ഭ്രാന്തനെപോലെയോ താപസനെപോലെയോ മോഷ്ടാവിനെപോലെയോ സംശയകരമായ രീതിയിലാണ് യാത്രയില്‍ ഭൂരിഭാഗം ആളുകളും കണ്ടതെങ്കിലും നന്‍മയുള്ള നിരവധിയാളുകളും യാത്രയില്‍ സഹായിച്ചുവെന്നും ഇദ്ദേഹം പറയുന്നു.

ഏതാണ്ട് ആറുമാസത്തെ യാത്രകൊണ്ടുതന്നെ താന്‍ മോഹങ്ങളില്‍ നിന്ന് മുക്തിനേടിയതായി പറയുന്ന തുളസി കൃഷ്ണന്‍ ഇത്തരം യാത്രകള്‍ മനസിനെ അങ്ങേയറ്റം മൃദുത്വമുള്ളതാക്കി മാറ്റുമെന്ന് തന്നെയാണ് പുസ്തകത്തിലെ ഓരോ താളുകളിലൂടെയും പറയുന്നത്.

എസ്.എസ്.എല്‍.സി വരെ മാത്രം പഠിച്ച താന്‍ നാലു വര്‍ഷത്തെ യാത്രക്കിടയില്‍ തമിഴ്, തെലുങ്ക്, കന്നഡ ഒറിയ, ഹിന്ദി, ബംഗാളി ഭാഷകളും പഠിച്ചെടുത്തതായി പറയുന്നു.

കേരളത്തിലുടനീളം വെയിലും തണലും എന്ന പുസ്തകം വായനശാലകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാസമാണ് ഇദ്ദേഹം കണ്ണൂര്‍ ജില്ലയിലെത്തിയത്.

ഉള്‍നാടുകളില്‍ ഉള്‍പ്പടെ വായനശാലകളിലെത്തിയാണ് പുസ്തകം വില്‍പ്പന നടത്തുന്നത്.

തയ്യാറാക്കിയത്-
കരിമ്പം.കെ.പി.രാജീവന്‍