ടൂറിസ്റ്റ് പോലീസ് സ്‌റ്റേഷന് അകാലചരമം-

ഉദ്ഘാടനം നടന്നത് 2018-മാര്‍ച്ച്-24 ന്

മുഴപ്പിലങ്ങാട്: ടൂറിസ്റ്റ് സുരക്ഷ പരിപാലത്തിനായി ആരംഭിച്ച പോലീസ് സ്‌റ്റേഷന് അകാല ചരമം.

മുഴപ്പിലങ്ങാട് െ്രെഡവ് ഇന്‍ ബീച്ചിനോട് ചേര്‍ന്ന് 2018 മാര്‍ച്ച് 24 ന് ഉദ്ഘാടനം ചെയ്യപ്പെട്ടതാണ് ഈ പോലീസ് സ്‌റ്റേഷന്‍.

ഉദ്ഘാടന ലക്ഷ്യം തുടക്കത്തില്‍ തന്നെ അടഞ്ഞു കിടപ്പാണ്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബീച്ചിനോട് ഭരണാധികാരികള്‍ കാണിക്കുന്ന അനാസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ അവഗണന.

കൊട്ടിഘോഷിച്ച് ഉദ്ഘാടന മാമാങ്കം നടത്തിയതിന് ശേഷം പോലീസ് സ്‌റ്റേഷന്റെ ഉദ്ദേശലക്ഷ്യം ബന്ധപ്പെട്ടവര്‍ പാടെ മറന്ന തായി നാട്ടുകാര്‍ ആരോപിക്കുന്നു.

ബീച്ചിലെത്തുന്ന സന്ദര്‍ശകരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനാണ് ഇത്തരമൊരു പോലീസ് സ്‌റ്റേഷന്‍ തുടങ്ങിയതെന്നാണ് വകുപ്പ് തലവന്മാര്‍ പ്രഖ്യാപിച്ചത്.

അതെല്ലാം പാഴ് വാക്കായി എന്ന് തെളിയിക്കുകയാണ് അടഞ്ഞ ഗെയിറ്റ്.

പൊതുശ്മശാനത്തിന് അടുത്തായി പോലീസ് എയിഡ് തുറന്നെങ്കിലും പുതിയ സങ്കേതം തുറന്നതോടെ അത് ഒഴിവാക്കി.

ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാണിത്.
ബീച്ചിലും, പരിസര പ്രദേശങ്ങളിലും മയക്ക് മരുന്ന് ഉപയോവും വിതരണവും നടക്കുന്നതായി പരിസരവാസികള്‍ നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു.

രാത്രി അസമയങ്ങളില്‍ ഇരുചക്ര വാഹനങ്ങളും മറ്റും ബീച്ചിലെത്തുന്നത് പതിവാണ്.

അതോടൊപ്പം സാമൂഹികവിരുദ്ധരുടെ താവളമായും ബീച്ചിനെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് പരാതിയുണ്ട്.

മയക്കുമരുന്ന് ലോബി ബീച്ചില്‍ പിടിമുറിക്കയതായ അക്ഷേപത്തിന് ബലം വെക്കുന്നതാണ് മാരക മയക്ക് മരുന്നുമായി കഴിഞ്ഞ ദിവസത്തെ ചെറുപ്പക്കാരുടെ അറസ്റ്റ്.

ബീച്ചിലെ അസമയങ്ങളിലെ സന്ദര്‍ശനത്തിന് എതിരെ നടപടി വേണമെന്ന് എടക്കാട് പോലീസ് വിളിച്ച് ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ ഉചിതമായ നടപടി പോലീസ് സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

കടല്‍ തീരത്ത് സന്ദര്‍ശകര്‍ക്കിടയിലൂടെ വാഹനങ്ങള്‍ ഓടുന്നതിനാല്‍ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

അപകടം വാര്‍ത്തയായാല്‍ കുറച്ച് ദിവസം പോലീസ് നിരീക്ഷണം ശക്തമാക്കും. കുറച്ച് കഴിഞ്ഞാല്‍ വീണ്ടും പഴയപടിയാകും.

പുതിയ പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം സജീവമാണെങ്കില്‍ ഇത്തരം പരാതികള്‍ക്ക് പരിഹാരമാകും.

നാട്ടിലെ ക്രമസമാധാനവും മറ്റു ചുമതലകളും നിര്‍വ്വഹിക്കാന്‍ പാട്‌പെടുകയാണെന്നാണ് പോലീസ് ഭാഷ്യം.

ഈ സാഹചര്യത്തില്‍ രാപകല്‍ ഭേദമന്യെ ബീച്ചിലെത്തുന്നവരുടെ സുരക്ഷക്ക് പ്രത്യേക പോലീസ് സ്‌റ്റേഷന്‍ സജീവമാവണം.

കോവിഡിന്റെ നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ ബീച്ചില്‍ രാപകല്‍ ഭേദമന്യെ സന്ദര്‍ശകര്‍ വരുന്നുണ്ട്.

ബീച്ചിലേക്കുള്ള ഇടുങ്ങിയ റോഡുകള്‍ കാരണം ഗതാഗതകരുക്കിലും വീര്‍പ്പ് മുട്ടുകയാണ് ഈ തീരദേശം.

അവധി ദിവസങ്ങളില്‍ ദേശീയ പാതയില്‍ വരെ വാഹനങ്ങളുടെ നീണ്ട നിര കാണാം.

ബീച്ചിന്റെ വികസനത്തിന് പല വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും അടിസ്ഥാന സൗകര്യം അകലെയെന്നാണ് അനുഭവം.