കോടാലിയില്‍ നിന്ന് മരത്തിന് പുനര്‍ജന്‍മം-പിഴുത് മാറ്റി രക്ഷിച്ചു-
പരിയാരം: ദേശീയപാതാ വികസനത്തിന്റെ പേരില്‍ കോടാലി വീഴാന്‍ സമയമായ ആല്‍മരത്തിന് പരിസ്ഥിതി പ്രവര്‍ത്തക കൂട്ടായ്മയില്‍ പുനര്‍ജനി.
പിലാത്തറ ടൗണിലെ ആല്‍മരമാണ് കഠിന പ്രവൃത്തിയിലൂടെ പിഴുതെടുത്ത് രണ്ടു കിലോമീറ്റര്‍ ദൂരമുള്ള പുത്തൂര്‍ ഗ്രാമത്തില്‍ എത്തിച്ച് നട്ടു സംരക്ഷണമൊരുക്കിയത്.
വളര്‍ന്ന് പന്തലിച്ച ഈ ആല്‍മരം മുറിച്ച് മാറ്റപ്പെടുന്ന പട്ടികയില്‍ വന്നതോടെ നാട്ടിലെ പരിസ്ഥിതി സ്‌നേഹികളായ വിവിധ തുറകളിലുള്ളവര്‍ ആശങ്കയിലായിരുന്നു.
പിലാത്തറ ഡോട്ട് കോംമിന്റെ നേതൃത്വത്തില്‍ പരിഹാരം കണ്ടെത്താനുള്ള ശ്രമം തുടങ്ങുകയായിരുന്നു.
ജെ.സി.ബി.യും ശ്രമദാനമായി മനുഷ്യാധ്വാനവും ചേര്‍ന്നാണ് മരം പിഴുതെടുത്ത് കൊണ്ടുപോയി നട്ട് പുനര്‍ജന്മം നല്‍കിയത്.
പിലാത്തറയിലെ ഓട്ടോ ടാക്‌സി തൊഴിലാളികളും വ്യാപാരി സുഹൃത്തുക്കളും കെട്ടിട ഉടമകളും ഈ യഞ്ജത്തില്‍ പങ്കാളികളായി. ഇന്‍സ്‌പെയര്‍, ജെ.സി.ഐ, ലയണ്‍സ്, റോട്ടറി തുടങ്ങിയ സന്നദ്ധ സംഘടനകളും ശ്രമദാനത്തില്‍ പങ്കെടുത്തു.