മരങ്ങള്‍ കൂട്ടത്തോടെ കടപുഴകിവീണു–അശാസ്ത്രീയമായ മണ്ണെടുപ്പെന്ന് ആരോപണം-
പരിയാരം: അശാസ്ത്രീയമായ മണ്ണെടുപ്പ്, ഇരുപതിലേറെ മരങ്ങള്‍ കടപുഴകി വീണു.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള തേക്ക്, മഴമരം,
മഹാഗണി, പൂമരങ്ങള്‍ എന്നിവയാണ് കൂട്ടത്തോടെ കടപുഴകി വീണത്.
ആ സമയത്ത് പരിസരങ്ങളില്‍ ആളുകള്‍ ഇല്ലാത്തത് വലിയ ദുരന്തം ഒഴിവാക്കി.
മെഡിക്കല്‍ കോളേജും പരിസരവും ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ മെഡിക്കല്‍ കോളേജിന്റെ സ്ഥാപക ചെയര്‍മാനായ
എം.വി.രാഘവന്‍ പ്രത്യേക താല്‍പര്യമെടുത്താണ് കാമ്പസില്‍ ഭാവിയിലേക്ക് ഉപകാരപ്രദമാകുന്ന മരങ്ങള്‍ നട്ടുപിടിപ്പിച്ചത്.
അടുത്ത കാലത്ത് മെഡിക്കല്‍ കോളേജ് കാമ്പസിനകത്ത് പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യമൊരുക്കി വികസന സമിതിക്ക് വേണ്ടി പാര്‍ക്കിങ്ങ് ഫീസ് പിരിക്കാന്‍ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായി മരങ്ങളുടെ അടിഭാഗത്ത് നിന്നും മണ്ണ് മാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണെടുത്ത് മാറ്റിയിരുന്നു.
തികച്ചും അശാസ്ത്രീയമായി മരങ്ങളുടെ വേരുകള്‍ മുറിച്ചാണ് മണ്ണ് മാറ്റിയത്.
ഇത്തരത്തിലുള്ള മണ്ണെടുപ്പ് അപകടകരമാണെന്ന് അന്നേ തന്നെ പരിസരവാസികള്‍ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും ആരും പരിഗണിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കനത്ത തോതില്‍ മഴ പെയ്തതോടെയാണ് മരങ്ങള്‍ ഓര്‍ക്കാപ്പുറത്ത് കൂട്ടത്തോടെ കടപുഴകിയത്.
കൂടുതല്‍ മരങ്ങള്‍ വേരുകള്‍ മുറിഞ്ഞ് കിടക്കുന്നത് നൂറുകണക്കിനാളുകള്‍ വന്നു പോകുന്ന മെഡിക്കല്‍ കോളേജ് പരിസരത്ത് ഭയാശങ്ക പടര്‍ത്തിയിട്ടുണ്ട്.
