Skip to content
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രോല്‍സവ നടത്തിപ്പ് ഇത്തവണ വനിതയുടെ കൈയില്‍.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ടി.ടി.കെ ദേവസ്വം ഓഫീസില്‍ റിക്കാര്‍ഡ് കീപ്പര്‍ തസ്തികയില്‍ ജോലിചെയ്തുവരുന്ന
പി.കൃഷ്ണകുമാരിക്കാണ് ക്ഷേത്രോല്‍സവത്തിന്റെ പൂര്‍ണ ചുമതല ദേവസ്വം നല്‍കിയിരിക്കുന്നത്.
ക്ഷേത്രചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിതക്ക് ഈ ഭാരിച്ച
ചുമതല നല്‍കിയിട്ടുള്ളതെന്ന് ടി.ടി.കെ ദേവസ്വം അധികൃതര്‍ പറഞ്ഞു.
തൃച്ചംബരം ക്ഷേത്രത്തിലെ മാനേജര്‍ കെ.പി.പരമേശ്വരനെ ബോര്‍ഡ് അധികൃതര്‍ സസ്‌പെന്റ് ചെയ്തതിനെ തുടര്‍ന്നാണ് 20
വര്‍ഷത്തോളമായി ദേവസ്വം ഓഫീസില്‍ ജോലിചെയ്തുവരുന്ന കൃഷ്ണകുമാരിക്ക് ഈ ചുമതലയേറ്റെടുക്കേണ്ടിവന്നത്.
രാജരാജേശ്വരക്ഷേത്രത്തിന് സമീപം താമസക്കാരിയായ കൃഷ്ണകുമാരി വൈകുന്നേരം നാലിന് തൃച്ചംബരം
ക്ഷേത്രത്തിലെത്തിയാല്‍ രാവിലെ എട്ടുവരെ ഉറക്കമൊഴിഞ്ഞ് എല്ലാ ചുമതലകളും ഭംഗിയായി തന്നെ നിര്‍വ്വഹിക്കുന്നുണ്ട്.
പൂക്കോത്ത്‌നടയിലേക്കുള്ള എഴുന്നള്ളത്തിനൊപ്പം ചെന്ന് ഉല്‍സവം ക്ഷേത്രത്തിലേക്ക് മടങ്ങുമ്പോഴാണ് തിരികെ ഓഫീസിലെത്തുന്നത്.
ആയിരക്കണക്കിനാളുകള്‍ ഒത്തുചേരുന്ന ഉല്‍സവമായതിനാല്‍ ചെറിയ പ്രശ്‌നങ്ങള്‍പോലും വലിയ പ്രയാസങ്ങള്‍
സൃഷ്ടിക്കുമെങ്കിലും, തൃച്ചംബരത്തപ്പന്റെ അനുഗ്രഹവും കടാക്ഷവും കൊണ്ട് ഇതുവരെ എല്ലാം ഭംഗിയായി നിര്‍വ്വഹിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.
പരേതനായ മോഹനനാണ് ഭര്‍ത്താവ്. കിഷോര്‍, കിരണ്‍ എന്നിവര്‍ മക്കളാണ്.