തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിക്കെതിരെ ആഞ്ഞടിച്ച് ടി.ടി.കെ.ദേവസ്വം
തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിയെ ഇത്തവണ തൃച്ചംബരം ക്ഷേത്രോല്‍സവത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളോട് ടി.ടി.ടെ.ദേവസ്വം ശക്തമായി പ്രതികരിക്കുന്നു.

ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വന്ന കുറിപ്പ് ഇതിനോടകം വലിയ ചര്‍ച്ചയായി മാറി.
ഫേസ്ബുക്കില്‍ പങ്കുവെച്ച വിശദീകരണത്തിന്റെ പൂര്‍ണരൂപം ചുവടെ—
തൃച്ചംബരം സേവാസമിതി കുറച്ചു ദിവസങ്ങളായി ടി.ടി.കെ. ദേവസ്വത്തിനെതിരെ സത്യാവരുദ്ധമായ ആരോപണങ്ങള്‍ അഴിച്ചുവിടുകയാണ്. സ്വാര്‍ത്ഥ ചിന്തയും ലാഭേച്ഛയുമാണ് അവരുടെ ഈ കുല്‍സിത പ്രവര്‍ത്തനത്തിന്റെ ഏക ലക്ഷ്യമെന്ന് തോനുന്നു.
ദേവസ്വത്തില്‍ നിന്ന് അവരെ ” പിരിച്ചുവിട്ടു ‘ എന്നതാണ് അവര്‍ പറയുന്ന ഏക കാരണം. സത്യത്തെ എത്ര നാള്‍ മൂടി വെക്കാന്‍ സാധിക്കും?
സമിതിയുടെ കുപ്രചാരണം ദേവാസ്വത്തിന് ഏറെ കോട്ടം തട്ടിച്ചിട്ടുണ്ട്. അതിന് സേവാസമിതി മാത്രമാണ് ഉത്തരവാദികള്‍. ഭക്തന്മാര്‍ക്കും നാട്ടുകാര്‍ക്കും സത്യാവസ്ഥ അറിയുവാന്‍ അവകാശമുണ്ട്. അതിനാലാണ് ഞങ്ങള്‍ നിങ്ങളെ താഴെ പറയുന്ന യഥാര്‍ത്ഥ വസ്തുതകള്‍ അറിയിക്കുവാന്‍ ആഗ്രഹിക്കുന്നത്.
അടിസ്ഥാനപരമായ ചില വസ്തുതകള്‍ ( ബാക്ക് ഗ്രൗണ്ട് )
ഹിന്ദു മത ധര്‍മ്മ സ്ഥാപന (ഭരണ ) വകുപ്പിന്റെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്ന ഠഠഗ ദേവസ്വം ക്ഷേത്രങ്ങളില്‍ ഉത്സവാഘോഷങ്ങള്‍, ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നതിനായി സ്ഥിരമായും താത്കാലികമായും ഭക്തജനങ്ങള്‍ ഉള്‍പ്പെടുന്ന കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍ ചില ക്ഷേത്രങ്ങളില്‍ മുന്നും നാലും കമ്മറ്റികള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് മാത്രമല്ല ഭക്തരില്‍ നിന്ന് പലപ്പോഴും ധാരാളം പരാതികളും ഉയര്‍ന്നിട്ടുണ്ട്.
തൃച്ചംബരം ക്ഷേത്രത്തിലും ഒന്നിലധികം സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ക്ഷേത്രത്തിലും സ്ഥിരമായ രജിസ്റ്റര്‍ ചെയ്ത കമ്മറ്റികള്‍ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളതല്ല.
ഇത്തരം പല പേരില്‍ പ്രവര്‍ത്തിക്കുന്ന കമ്മറ്റികള്‍ പലരോടും പല പ്രവര്‍ത്തികള്‍ക്കുമായി സംഭാവന പിരിക്കുന്നുണ്ട്. എന്നാല്‍ വരവ് ചെലവുകളുടെ കണക്കുകള്‍ കൃത്യമായി ഭരണാധികാരികള്‍ ക്ക് നല്‍കാറില്ല എന്നതാണ് വാസ്തവം.
ഇത് പലപ്പോഴും തര്‍ക്കങ്ങള്‍ക്ക് വഴി വെക്കുകയും, ക്ഷേത്ര ഭരണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ദേവസ്വങ്ങളില്‍ നിയമനുസൃതം നിയമിക്കപ്പെട്ട ട്രസ്റ്റി ബോര്‍ഡിന്റെ സമ്മതമില്ലാതെയാണ് ചില കമ്മറ്റികള്‍ ക്ഷേത്രകാര്യങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്നു എന്ന വസ്തുത തള്ളിക്കളയാവുന്നതല്ല.
മേല്‍ പറഞ്ഞ സ്ഥിതി വിശേഷങ്ങളില്‍കൂടിയാണ് ഠഠഗ ദേവസ്വം ഇപ്പോള്‍ കടന്നു പോകുന്നത്. തൃച്ചംബരം ശ്രീകൃഷ്ണ സേവസമിതി ഇക്കഴിഞ്ഞ കുറച്ചുദിവസമായി ഠഠഗ ദേവസ്വത്തെയും, ട്രസ്റ്റി ബോര്‍ഡിനെയും കുറ്റപ്പെടുത്തികൊണ്ടുള്ള ലഘുലേഖ വിതരണങ്ങളും മറ്റും നടത്തികൊണ്ടിരിക്കുകയാണ്.
ആ വസ്തുതകളാണ് ഞങ്ങളുടെ ഈ കുറിപ്പിന് ആധാരം.
ബഹു. കേരള ഹൈ ക്കോടതിയുടെ ഡി. ബി /4/94 )0 നമ്പര്‍ കേസിലെ വിധിക്കനുസരിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡ് ചില പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അവ ബന്ധപ്പെട്ട ഓരോ കമ്മറ്റിയും നടപ്പാക്കാന്‍ ബാധ്യസ്ഥരാണ്.
ദേവസ്വം ഈ വിഷയം ശ്രീകൃഷ്ണ സേവാസമിതിയെ മുന്‍ വര്‍ഷങ്ങളില്‍ അറിയിച്ചിട്ടുണ്ട്. എങ്കിലും സമിതി വേണ്ടത്ര ഇവ വേണ്ടത്ര ഗൗരവത്തോടെ കാണാതെ അവയെ തിരസ്‌കരിക്കുകയാണ് ചെയ്തത്. ബഹു . കേരള ഹൈക്കോടതിയുടെ വിധിയുമായുള്ള ബന്ധപ്പെട്ട ചില വസ്തുതകള്‍ നമുക്ക് ഇവിടെ പരിശോധിക്കാം.
1. നടപ്പന്തല്‍ : തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ ഒരു നടപ്പന്തല്‍ നിര്‍മ്മിക്കാനുള്ള തീരുമാനം ആദ്യമായി ഉണ്ടായത് 2016 ല്‍ ആണ്.2016 നവംബറിലാണ് നടപ്പാന്തലിന്റെ പ്ലാനും എസ്റ്റിമേറ്റും ഉണ്ടാക്കിയത്. അന്നത്തെ എസ്റ്റിമേറ്റ് 40 ലക്ഷം രൂപ ആയിരുന്നു. ഇത് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അംഗീകാരത്തിനായി അയച്ചിരുന്നു. എന്നാല്‍ എസ്റ്റിമേറ്റിലുള്ള ചില പിഴവുകള്‍ കാരണം ബോര്‍ഡ് തെറ്റുകള്‍ തിരുത്തി അവ വീണ്ടും അയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരിച്ചയക്കുകയായിരുന്നു. പിന്നീട് അതേ എസ്ടിമേറ്റ് രണ്ട് പ്രാവശ്യം തിരുത്തിയിട്ടുണ്ട്.
ഒരിക്കല്‍ 28 ലക്ഷമായും മറ്റൊരിക്കല്‍ 30 ലക്ഷമായും, ഈ മൂന്ന് എസ്റ്റിമേറ്റിനും തീയതി ഇല്ല. ഏകദേശം 10 12 ലക്ഷം രൂപയുടെ വ്യത്യാസമാണ് ഇവ തമ്മിലുള്ളത്. ഇവയില്‍ ഏത് എസ്റ്റിമേറ്റ് ആണ് / എപ്പോഴാണ് അംഗീകരിച്ചതെന്നതിന് ഒരു വ്യക്തതയുമില്ല. മാത്രവുമല്ല നടപ്പന്തല്‍ നിര്‍മ്മാനത്തിന് ശേഷം സമിതി ഓഡിറ്റ് ചെയ്ത വരവ് ചിലവ് കണക്കുകള്‍ രേഖകള്‍ സഹിതം ദേവസ്വത്തിലേക്ക് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.
2. സ്‌റ്റേജും ഓഡിറ്റോറിയവും: ദേവസ്വത്തിന്റെയും തൃച്ചംബരത്തപ്പന്റെയും പേരില്‍ പണം പിടിച്ചാണ് സമിതി സ്‌റ്റേജും ഓഡിറ്റോറിയവും നിര്‍മ്മിച്ചത്. ഇവ ദേവസ്വത്തിന്റെ സ്വത്തുക്കളാണ്. എന്നിട്ടും സമിതി ഇവ സമിതിയുടെ സ്വത്തുക്കളാണെന്ന് അവകാശവാദമുന്നായിച്ചിരിക്കുന്നു. ഈ വസ്തുതകള്‍ എല്ലാം തികച്ചും സത്യാവരുദ്ധമാണ്, നീതികരിക്കാവുന്നതുമല്ല.
3. അന്നദാനം : സമിതി അവകാശപ്പെടുന്നത് അവരാണ് നിത്യവും ക്ഷേത്രത്തില്‍ അന്നദാനം നടത്തികൊണ്ടിരിക്കുന്നത് എന്നാണ്. എന്നാല്‍ അതിനുള്ള സൗകര്യങ്ങള്‍ മുഴുവനും ഒരുക്കികൊടുത്തത് ദേവസ്വമാണ്. വിറക്, അരി ഇവ കൂടാതെ അന്നദാനത്തിലേക്കുള്ള പണവും ക്ഷേത്ര കൗണ്ടറില്‍ കൂടി ദേവാസ്വത്തില്‍ നിന്ന് ശമ്പളം പറ്റുന്ന ജീവനക്കാര്‍ പിരിച്ചു നല്‍കിയതാണ്. സേവന മനോഭാവത്തോടെ ക്ഷേത്രത്തില്‍ ജോലിചെയ്യേണ്ടുന്ന ഈ പ്രവൃത്തിയില്‍ വിനയവും സന്തോഷവും തോന്നുന്നതിനു പകരം ‘ ഞങ്ങളാണ് അത് ചെയ്തത് ‘ എന്ന് പറയുന്നത് കേവലം അഹങ്കാരവും അധാര്‍മികവും ആണ്. പ്രത്യേകിച്ചും ദേവസ്വം തന്നെ ഈ പ്രവര്‍ത്തികളില്‍ താല്പരരും സഹായ സഹകരണങ്ങളും നല്‍കുമ്പോള്‍.
4. ഉത്സവാഘോഷങ്ങളും കലാപരിപാടികളും : തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവം ദേവസ്വം നേരിട്ട് നടത്തുന്ന താണ്. എല്ലാവര്‍ഷവും പുറത്തുള്ള കലാസംസ്‌കാരികപരിപാടികള്‍ മാത്രമാണ് സേവാസമിതി ഇത്രയും കാലം നടത്തി കൊണ്ടിരുന്നത്. ഇതിനൊരപവാദം 2021 ആണ് കാരണം കൊറോണ / കോവിഡ് 19 മഹാമാരി. കൊറോണ മഹാമാരിയും അതുമായി ബന്ധപ്പെട്ട നിബന്ധനകളും നിലനില്‍ക്കുന്നതിനാല്‍ ഈ വര്‍ഷവും (2022) ഉത്സവം നിലവിലുള്ള ആചാരനടപടികളോട്കൂടി തന്നെ നടത്തുവാനാണ് ദേവസ്വം നിശ്ചയിച്ചിരുന്നത്. അതുകൊണ്ട് തന്നെ കലാ പരിപാടികള്‍ ഉള്‍പെടുത്തിയിട്ടില്ല.
ഫിബ്രവരി രണ്ടാം വാരത്തോടുകൂടിയാണ് കോവിഡ് മാനദണ്ഡങ്ങളില്‍ ചില ഇളവുകള്‍ വന്നിരുന്നത്. അതുകൊണ്ട് സമയക്കുറവുകൊണ്ടാണ് ഈ വര്‍ഷവും കലാപരിപാടികള്‍ ഉള്‍പ്പെടുത്താതിരുന്നത്. പൊതുജന ആരോഗ്യവും ഒരു മുഖ്യ വിഷയമാണെന്ന് ഞങ്ങള്‍ കരുതി. ഈ വിവരം സേവാസമിതിയെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു.
5. ഉത്സവത്തിന്റെ വരവ് ചെലവ് കണക്കുകള്‍ : ദേവാസ്വത്തിന്റെ അധീനതയിലുള്ള സ്ഥലങ്ങള്‍ ഉത്സവകാലത്ത് ചന്തയ്ക്കായി ലേലം നല്‍കാറുണ്ട്. അതില്‍ കിട്ടുന്ന വരവ് ലക്ഷകണക്കിന് രൂപയിലധികം വരും. ഈ സംഖ്യ ദേവാസ്വത്തിന്റെ തന്നെ വരുമാനമാണെങ്കിലും അത് സേവാസമിതിയാണ് പിരിച്ചെടുക്കുന്നത്.ദേവസ്വത്തിലേക്ക് ഒരു നയാ പൈസ പോലും സേവാസമിതി ഇന്നുവരെ തന്നിട്ടില്ല. ഉത്സവം ദേവസ്വം നേരിട്ട് നടത്തുന്നതായിട്ട് കൂടി.
ഒരുകമ്മറ്റിക്കും സംഘടനകള്‍ക്കും ദേവാസ്വത്തിന്റെ പേരിലോ, ക്ഷേത്രങ്ങളുടെ പേരിലോ നേരിട്ട് പണം പിരിക്കുവാന്‍ അധികാരമില്ല. അങ്ങിനെ ചെയ്യുന്നത് നിയമവിരുദ്ധവുമാണ്. ഉത്സവാഘോഷം, നിര്‍മ്മാണപ്രവര്‍ത്തനം എന്നിവ മറ്റ് കമ്മറ്റിയോ സംഘടനയൊ ഏറ്റെടുത്ത് ദേവസ്വത്തിന്റെ അനുമതിയോടെ ചെയ്താല്‍ തന്നെ അവര്‍ കൃത്യമായ വരവ് ചെലവ് കണക്കുകള്‍ രേഖകള്‍ സഹിതം അതാത് വര്‍ഷം ദേവസ്വത്തിന് നല്‍കേണ്ടതാണ്. എന്നാല്‍ സേവാസമിതി ഈവക കാര്യങ്ങളില്‍ കാര്യമായ വീഴ്ചകള്‍ വരുത്തിയിട്ടുണ്ട്.
ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കുകള്‍ പലപ്പോഴും ആവശ്യപ്പെട്ടിട്ടുപോലും സമിതി അവ ദേവസ്വത്തിന് നല്‍കിയിട്ടില്ല എന്നതാണ് വാസ്തവം. എന്നിട്ടും സമിതി ദേവസ്വത്തെ കരുതിക്കൂട്ടി കുറ്റപ്പെടുത്താനും പഴി ചാരാനുമാണ് ശ്രമിക്കുന്നത് എന്ന വസ്തുത നിന്ദനീയമാണ് എന്നേ പറയാനാവൂ.
ക്ഷേത്രത്തിന്റെ പേരില്‍ ഭക്തജനങ്ങള്‍
സംഭാവനകളായി നല്‍കുന്ന പണം ഉപയോഗിച്ച് വാങ്ങിയ സാധനങ്ങള്‍ ക്ഷേത്രത്തിന്റെ മാത്രം സ്വത്തുക്കളാണ്. സമിതിയുടേതല്ല. എന്നിട്ടും പല സാധനങ്ങളും ദേവസ്വം അധികാരികള്‍ അറിയാതെ അവരുടെ സമ്മതമില്ലാതെ സമിതിക്കാര്‍ കടത്തികൊണ്ടുപോവുകയാണ് ഉണ്ടായത്. ഇത് നീതീകരിക്കാനാവാത്ത ഒരു ദാര്‍ഷ്ട്യ പ്രവര്‍ത്തിയായേ കണക്കാക്കാനാവൂ. ഇതില്‍ നിന്നും വ്യക്തമാവുന്നത് സമിതിക്ക് ക്ഷേത്രത്തോടൊ, ഭക്തജനങ്ങളോടോ യാതൊരു കടപ്പാടുമില്ലെന്നും, സമിതിയുടെ താല്പര്യം മാത്രമാണ് അവരുടെ ലക്ഷ്യമെന്ന് കരുതേണ്ടിയിരിക്കുന്നു.
മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ശ്രീ കൃഷ്ണ സേവാസമിതിയുടെ പ്രവര്‍ത്തനം തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ വിലക്കിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിനെ ഠഠഗ ദേവസ്വം ട്രസ്റ്റീ ബോര്‍ഡ് സമിതിയെ ‘ പിരിച്ചുവിട്ടു ‘ എന്ന് വ്യാഖ്യാനിക്കുന്നത് തികച്ചും തെറ്റാണ്. കമ്മീഷണറൂടെ ഉത്തരവുകള്‍ നിര്‍വഹിക്കേണ്ടത് ഠഠഗ ദേവസ്വം ട്രസ്റ്റി ബോര്‍ഡിന്റെ കടമയാണ്. അത് എക്‌സിക്യുട്ടീവ് ഓഫീസര്‍ നിര്‍വഹിക്കുക മാത്രമാണ് ഉണ്ടായത്.
സേവാസമിതി ചെയ്ത വേറൊരു നിന്ദനീയമായ നടപടി കൂടി ഇവിടെ സൂചിപ്പിച്ചു കൊള്ളട്ടെ, ഈ കഴിഞ്ഞ കുംഭം 22 )0 തീയ്യതി ഉത്സവം തുടങ്ങുന്ന ദിവസം പ്രഭാഷണം നടത്താന്‍ വന്ന ഒരു മഹദ് വ്യക്തിയെ സമിതിയുമായി ബന്ധപ്പെട്ടചിലര്‍ തടഞ്ഞു നിര്‍ത്തുകയും അദ്ദേഹത്തിന്റെ കുടുംബക്കാരുടെ മുന്നില്‍ വെച്ച് അപമാനിക്കുകയും ചെയ്തിരുന്നു.
പ്രഭാഷണം നടത്താമെന്ന് ഏറ്റിരുന്ന ചില പ്രഭാഷകരെ സേവാസമിതി അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. സമിതിയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ തികച്ചും അപലപനീയമാണെന്നേ പറയാനുള്ളൂ. പ്രഭാഷണം നടത്തുന്നത് ഒരു സത്സംഗമാണ്. അതിനെ തടയുവാന്‍ ശ്രമിക്കുന്നത് സംസ്‌കാരഹീനമായപ്രവൃത്തിയാണ്. സമൂഹത്തോട് ചെയ്യുന്ന കടുത്ത അപരാധവുമാണ്.
ഉത്സവാഘോഷം നല്ല രീതിയില്‍ നടക്കാതിരിക്കാന്‍ ദേവസ്വം ജീവനക്കാരെ ഭീഷണി പ്പെടുത്തുകയും ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളെ അപമാനിക്കുകയും നിരന്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്ത സേവാസമിതിയിലെ ചില ആളുകളുടെ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുകയില്ല. നിസ്സാര മായ ചില കാര്യങ്ങളെ പര്‍വ്വതീകരിച്ചും വികലമാക്കിയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച്
ദേവസ്വത്തിനെ അപകീര്‍ത്തിപ്പെടുത്തുവാന്‍ സേവാസമിതി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒരു ക്ഷേത്ര കമ്മറ്റിക്ക് ഒട്ടും യോജിച്ചതല്ല.
പല നല്ല പ്രവൃത്തികളും ചെയ്തിട്ടുണ്ട് എന്ന് അഭിമാനം കൊള്ളുന്ന സമിതി സകാരാത്മകമായ ചിന്തയോടെ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ച് ദേവസ്വത്തോട് സഹകരിച്ച് ക്ഷേത്രത്തിന്റെ ഉന്നമനത്തിനും ഭക്തരുടെ ശ്രേയസ്സിനും വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയാണ് വേണ്ടിയിരുന്നത്.
അതിന് ദേവസ്വം എന്നും കൂടെ ഉണ്ടായിരിക്കുകയും ചെയ്യും. അതിനുള്ള സന്മനസ്സും സഹകരണവും ഭാവിയില്‍ സമിതിയില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരെയും നേര്‍വഴിക്ക് നയിക്കുവാന്‍ തൃച്ചംബരത്തപ്പന്‍ കാടാക്ഷിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്….
