ലഹരിമാഫിയാസംഘത്തിന്റെ പ്രതികാരം: സിപിഐ എം ബ്രാഞ്ചംഗമടക്കം രണ്ടുപേരെ കുത്തിക്കൊന്നു
തലശേരി: ലഹരിമാഫിയാ സംഘത്തെ ചോദ്യംചെയ്ത സിപി എം ബ്രാഞ്ചംഗമടക്കം രണ്ടുപേരെ ആശുപത്രിയില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു.

ഒപ്പമുണ്ടായിരുന്നയാള്‍ക്ക് മാരകമായി വെട്ടേറ്റു.
സിപിഐ എം അനുഭാവി തലശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ‘ത്രിവര്‍ണ ഹൗസി’ല്‍ കെ ഖാലിദ് (52), സഹോദരീഭര്‍ത്താവും സിപി എം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ത്രിവര്‍ണ ഹൗസില്‍ പൂവനാഴി ഷമീര്‍ (40) എന്നിവരെയാണ് നിഷ്ഠുരമായി കൊലപ്പെടുത്തിയത്.
നെട്ടൂര്‍ ‘സാറാസി’ല്‍ ഷാനിബി (29)നെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകിട്ട് നാലോടെ സഹകരണ ആശുപത്രിക്കടുത്താണ് ആക്രമണം.
ജാക്‌സണ്‍, സഹോദരീഭര്‍ത്താവ് പാറായി ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്.
ലഹരിവില്‍പ്പന ചോദ്യംചെയ്ത ഷമീറിന്റെ മകന്‍ ഷബീലിനെ (20) ബുധനാഴ്ച ഉച്ചയ്ക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത ജാക്‌സണ്‍ മര്‍ദിച്ചിരുന്നു.
ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയതായിരുന്നു ഷമീറും ഖാലിദും സുഹൃത്തുക്കളും.
അനുരഞ്ജനത്തിനെന്ന വ്യാജേനയാണ് ലഹരി മാഫിയാസംഘം ഇവരെ റോഡിലേക്ക് വിളിച്ചിറക്കിയത്.
സംസാരത്തിനിടെ, കൈയില്‍ കരുതിയ കത്തിയെടുത്ത് ഖാലിദിന്റെ കഴുത്തിന് കുത്തുകയായിരുന്നു.
ഖാലിദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. തടയാന്‍ ശ്രമിച്ച ഷമീര്‍, ഷാനിബ് എന്നിവരെയും മാരകായുധങ്ങളുമായി ആക്രമിച്ചു.
പുറത്തും ശരീരമാസകലവും കുത്തും വെട്ടുമേറ്റ ഷമീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
പരേതരായ മുഹമ്മദ്- നബീസ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ഖാലിദ്. മത്സ്യത്തൊഴിലാളിയാണ്.
ഭാര്യ: സീനത്ത്. മക്കള്‍: പര്‍വീന, ഫര്‍സീന്‍. മരുമകന്‍: റമീസ് (പുന്നോല്‍).
സഹോദരങ്ങള്‍: അസ്ലം ഗുരുക്കള്‍, സഹദ്, അക്ബര്‍ (ഇരുവരും ടെയ്‌ലര്‍), ഫാബിത, ഷംസീന.
മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
പരേതരായ ഹംസ- ആയിഷ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ഷമീര്‍. ഭാര്യ: ഷംസീന.
മക്കള്‍: മുഹമ്മദ് ഷബില്‍, ഫാത്തിമത്തുല്‍ ഹിബ ഷഹല്‍. സഹോദരങ്ങള്‍: നൗഷാദ്, റസിയ, ഹയറുന്നീസ.
