വഖഫ് സ്വത്ത് സംരക്ഷണസമിതി ചരിത്രപരമായ ദൗത്യം ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചതായി ഭാരവാഹികള്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതിയുടെ ചരിത്രപരമായ ദൗത്യത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.

ഇന്ററിം മുതവല്ലിയായി കെ. ഷംസുദ്ദീന്‍ പാലക്കുന്ന് ഇന്ന് (12-12-2024) ചാര്‍ജ് എടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

അടുത്ത ലക്ഷ്യങ്ങള്‍ക്കായി വീണ്ടും ശക്തമായ പോരാട്ടാവുമായി സംരക്ഷണ സമിതി മുന്നോട്ട് പോവുകയാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള തളിപ്പറമ്പ ജുമാഅത് പള്ളിയുടെ സ്വത്തുവകകള്‍ അതിന്റെ പരിപാലന ചുമതലകള്‍ നിശ്ചയിച്ചവരുടെ കെടുകാര്യസ്ഥത കൊണ്ട് അന്യാധീനപ്പെടുകയും നിരവധി അഴിമതികള്‍ നടത്തുകയും ചെയ്തു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മൂന്നു വര്‍ഷം മുന്നേ പ്രവര്‍ത്തനം ആരംഭിച്ച തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം അതിന്റെ ഏറ്റവും പ്രസക്തമായ ഒരു ഘട്ടത്തിലൂടെ കടന്നു പോവുകയാണ്.

സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, റോയല്‍ ഇംഗ്ലീഷ് സ്‌കൂള്‍, മല്‍സ്യ-മാംസ-പച്ചക്കറി മാര്‍ക്കറ്റ്, നിരവധി കെട്ടിടങ്ങള്‍, അറുന്നൂര്‍ ഏക്കറിലധികം ഭൂസ്വത്ത് ഒക്കെ ഉണ്ടായിരുന്ന തളിപ്പറമ്പ് ജൂമാഅത് പള്ളി കെടുകാര്യസ്ഥതയും അഴിമതിയും കാരണം പലതും നഷ്ടപ്പെട്ട അവസ്ഥയിലാണ്.

ഈ സാഹചര്യത്തിലാണ് സംരക്ഷണ സമിതി ചരിത്രപരമായ പോരാട്ടത്തിനു നേതൃത്വം കൊടുത്തത്. ചരിത്രത്തില്‍ ആദ്യമായി ജുമാഅത്ത് പള്ളി വളപ്പിലെ ട്രസ്റ്റ് കമ്മിറ്റി ഓഫീസിന് മുന്നില്‍ ഇടതുപക്ഷ മുസ്ലിങ്ങള്‍ ധര്‍ണ നടത്തുകയുണ്ടായി.

കൂടാതെ പോരാട്ടത്തിന്റെ വഴിയില്‍ വഖഫ് സംരക്ഷണ സമിതി വൈസ് ചെയര്‍മാന്‍ കറിയാലി സിദ്ധിഖ്, പ്രവര്‍ത്തകന്‍ ദില്‍ഷാദ് പാലക്കോടന്‍ എന്നിവര്‍ ക്രൂരമായ ആക്രമണത്തിനിരയായപ്പോള്‍ തളിപ്പറമ്പില്‍ ഇടതുപക്ഷ ചിന്താഗതിക്കാരായ മുസ്ലിങ്ങള്‍ ശക്തമായ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

വഖഫ് സ്വത്തുക്കളുടെ വരുമാന വര്‍ദ്ധനവിനായി മത്സ്യഫെഡിന്റെ സഹായത്തോടെ മത്സ്യമാര്‍ക്കറ്റ് നവീകരിക്കാന്‍ സംരക്ഷണ സമിതി മുന്‍കൈ എടുത്തുവെങ്കിലും പള്ളി പരിപാലന കമ്മിറ്റി എതിര്‍ക്കുകയും അത് മുടങ്ങുകയും ചെയ്തു.

എന്നാല്‍ വീണ്ടും ഞങ്ങള്‍ അതിനായ് പരിശ്രമിക്കുകതന്നെ ചെയ്യും. കേരള ഗവണ്മെന്റിന്റെ സഹായത്തോടെ നാടിന്നാവശ്യമായ സ്ഥാപനങ്ങള്‍ വഖഫിനു കീഴില്‍ ഇവിടെ കൊണ്ടുവരാനും സംരക്ഷണ സമിതി പരിശ്രമിക്കും.

സംരക്ഷണ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വഖഫ് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം നിയമിതനായ എം പാനല്‍ ഓഡിറ്റര്‍ ഇ.കെ. കരുണാകാരന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മുപ്പതു മാസത്തത്തിലധികമായിട്ടും കണ്ടെത്തിയ കെടുകാര്യസ്ഥതകളുടെ മേല്‍ വഖഫ് ഡിവിഷണല്‍ ഓഫീസര്‍ അങ്ങോട്ടും ഇങ്ങോട്ടും ചില എഴുത്തുകുത്തുകള്‍ നടത്തി എന്നല്ലാതെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

ഇത് പള്ളി പരിപാലന കമ്മിറ്റിയും ഡിവിഷണല്‍ ഓഫീസും തമ്മിലുള്ള ഒത്തുകളിയാണ്.

ഗുരുതരമായ ഏറെ കുറ്റങ്ങള്‍ കണ്ടെത്തിയിട്ടും നടപടി എടുക്കാത്ത ഡിവിഷണല്‍ ഓഫീസിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് സംരക്ഷണ സമിതി.

സംരക്ഷണ സമിതിയുടെ പോരാട്ടത്തിന്റെ ഏറ്റവും വലിയ നാഴികകല്ലാണ് കഴിഞ്ഞ ദിവസം വഖഫ് ജൂഡിഷ്യല്‍ കമ്മിറ്റി സ്വീകരിച്ച നടപടി, ജുമാഅത്ത് പള്ളി പരിപാലന കമ്മിറ്റിയെ പിരിച്ചുവിട്ട് ഇന്ററിം മുതവല്ലിയെ നിശ്ചയിച്ചതോടെ സംരക്ഷണ സമിതിയുടെ പോരാട്ടത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി.

തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിക്കുവേണ്ടി ഹൈക്കോടതിയില്‍ അഡ്വ: പി.മനാസ് ഹമീദ്, വഖ്ഫ് ബോര്‍ഡില്‍ അഡ്വ: വി.അനസ കോഴിക്കോട് എന്നിവരാണ് ഹാജരായതെന്ന് സി. അബ്ദുള്‍ കരീം, കെ.പി.എം.റിയാസുദ്ദീന്‍, ചപ്പന്‍ മുസ്തഫ ഹാജി എന്നിവര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനെ അറിയിച്ചു.