79 അതിദരിദ്രര്‍—–തളിപ്പറമ്പ് നഗരസഭക്ക് അവാര്‍ഡ്കിട്ടും-ആഞ്ഞടിച്ച് കെ.രമേശന്‍
തളിപ്പറമ്പ്: നഗരസഭ പ്രസിദ്ധീകരിച്ച അതിദാരിദ്ര്യ ലിസ്റ്റിനെതിരെ അഞ്ഞടിച്ച് പൂക്കോത്ത്‌തെരു കൗണ്‍സിലര്‍ കെ.രമേശന്‍.
തളിപ്പറമ്പ് നഗരസഭയിലെ 34 വാര്‍ഡുകളില്‍ നിന്നായി 79 അതിദരിദ്രരെയാണ് കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വാടകവീട്ടില്‍ താമസിക്കുന്നവരെ അതിദരിദ്രരുടെ പട്ടികയില്‍ പെടുത്താനാവില്ലെന്ന് തുടക്കത്തില്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
.
പുറമ്പോക്കില്‍ വീടില്ലാതെ താമസിക്കുന്നവരെയാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശപ്രകാരം ഇതില്‍ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂ എന്നതിനാല്‍ പൂക്കോത്ത്‌തെരു വാര്‍ഡില്‍ നിന്നും കണ്ടെത്തിയ നാലുപേരെ ലിസ്റ്റില്‍പെടുത്താന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ ഇന്ന് കൗണ്‍സില്‍ മുമ്പാകെ പരിഗണനക്ക് വന്ന പേരുകളില്‍ ഒരാള്‍പോലും പുറമ്പോക്കിലോ ചേരിയിലോ താമസിക്കുന്നവരില്ലെന്ന് രമേശന്‍ പറഞ്ഞു.
ഏറ്റവും കൂടുതല്‍ അതിദരിദ്രരെ കണ്ടെത്തിയ തളിപ്പറമ്പ് നഗരസഭക്ക് അതിന് അംഗീകാരമായി അവാര്‍ഡുകള്‍ ലഭിക്കാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇത് കരട് ലിസ്റ്റ് മാത്രമാണെന്നും 18 ന് മുമ്പ് ബന്ധപ്പെട്ട വാര്‍ഡ്‌സഭകള്‍ യോഗം ചേര്‍ന്ന് അര്‍ഹതപ്പെട്ടവരെ അംഗീകരിക്കുമെന്നും അതിന് ശേഷം മാത്രമേ ഇത് പ്രാബല്യത്തില്‍ വരികയുള്ളൂവെന്നും ചെയര്‍പേഴ്‌സന്‍ കൗണ്‍സിലിനെ അറിയിച്ചു.
സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ അറിയിച്ചത് പ്രകാരമാണ് അര്‍ഹതയുണ്ടായിട്ടും പലരേയും ലിസ്റ്റില്‍ പെടുത്താന്‍ സാധിക്കാതെ വന്നതെന്ന് രമേശന്‍ പറഞ്ഞു.
പൊതുവെ മിതഭാഷിയായ കെ.രമേശന്‍ നിലവില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കൗണ്‍സിലിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
വാര്‍ഡ്‌സഭയില്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നും അര്‍ഹതപ്പെട്ട മൂന്ന്‌പേരെ ലിസ്റ്റില്‍ പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.