കൊക്കര കൊക്കര കോഴിക്കുഞ്ഞും തക്കാളിക്കവിളും-സിനമക്ക് വേണ്ടി വിളയില്‍ ഫസീല പാടിയത് ആറ് പാട്ടുകള്‍.

വിളയില്‍ ഫസീല മലയാള സിനിമക്ക് വേണ്ടി വെറും ആറ് പാട്ടുകള്‍ മാത്രമേ പാടിയിട്ടുള്ളൂവെങ്കിലും അവ മലയാളി പൂര്‍ണമായും മറന്നിട്ടില്ല.

1978 ല്‍ മുഹമ്മദും മുസ്തഫയും എന്ന പുറത്തിറങ്ങാത്ത സിനിമക്ക് വേണ്ടിയാണ് ആദ്യമായി പാടിയത്. പി.ടി.അബ്ദുറഹ്‌മാന്‍ രചനയും എം.എസ്.വിശ്വനാഥന്‍ സംഗീതവും പകര്‍ന്ന അഹദവനായ–എന്ന ഗാനം. എം.മസ്താന്‍ സംവിധാനം ചെയ്ത സിനിമ പക്ഷെ, റിലീസായില്ല.

ശ്രീനി സംവിധാനം ചെയ്ത് സലാം കാരശേരി നിര്‍മ്മിച്ച പതിനാലാംരാവില്‍ എരഞ്ഞോളി മൂസയോടൊപ്പം മണവാട്ടി കരംകൊണ്ട് മുഖംമറച്ച് എന്ന ഗാനമാണ് രണ്ടാമത്തേത്.

പൂവ്വച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് കെ.രാഘവന്‍. 1982 ല്‍ ജയ്മാരുതിക്ക് വേണ്ടി ടി.ഇ.വാസുദേവന്‍ നിര്‍മ്മിച്ച് എം.കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത മൈലാഞ്ചിയില്‍ വി.എം.കുട്ടിയോടൊപ്പം കൊക്കര കൊക്കര കോഴിക്കുഞ്ഞേ-എന്ന ഗാനം ആലപിച്ചു. പി.ഭാസ്‌ക്കരന്റെ വരികള്‍ ചിട്ടപ്പെടുത്തിയത് എ.ടി.ഉമ്മര്‍.

ഫസീല തനിച്ച് പാടിയ ആദ്യത്തെ പാട്ട് 1985 ല്‍ സി.പി.വിജയകുമാര്‍ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലെ തക്കാളിക്കവിളത്ത്–എന്ന് തുടങ്ങുന്നതാണ്. ബിച്ചു തിരുമലയുടെ വരികള്‍ സംഗീതം നല്‍കിയത് മഹാരാജ.

1988 ല്‍ ഐ.വി.ശശി സംവിധാനം ചെയ്ത 1921 ല്‍ നൗഷാദ് ബാബുവിനോടൊപ്പം ഫിര്‍ദൗസില്‍ അടുക്കുമ്പോള്‍ എന്ന ഗാനമാലപിച്ചു. വി.എ.ഖാദറിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് ശ്യാം.

2017 ല്‍ ഗഫൂര്‍ ഇല്യാസ് സംവിധാനം ചെയ്ത പരീത് പണ്ടാരി എന്ന സിനിമക്ക് വേണ്ടിയാണ് അവസാനമായി പിന്നണി പാടിയത്. ഹസ്ബീ റബ്ബീ എന്ന ഈ ഗാനവും ഫസീല തനിച്ചാണ് പാടിയത്.