കരട് സംക്ഷിപ്ത വോട്ടര്‍പട്ടികയിലെ അപാകതകള്‍ പരിഹരിക്കണം: രാഷ്ട്രീയ പാര്‍ട്ടികള്‍
കണ്ണൂര്‍: സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ വ്യാപകമായ അപാകതകള്‍ കടന്നുകൂടിയതായും ഇത് പരിഹരിക്കാന്‍ നടപടി വേണമെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നടങ്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക നിരീക്ഷകന് ബിജു പ്രഭാകര്‍ മുമ്പാകെ ആവശ്യപ്പെട്ടു.

നിലവിലെ പട്ടിക റദ്ദാക്കി പുതിയ പട്ടിക പ്രസിദ്ധീകരിക്കുന്നത് പരിഗണിക്കണമെന്നും പേര് ചേര്‍ക്കാനുള്ള സമയം നവംബര്‍ 30ല്‍നിന്ന് നീട്ടിനല്‍കണമെന്നും ആവശ്യമുയര്‍ന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ അഭിപ്രായം കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് നിരീക്ഷകന് അറിയിച്ചു.
നവംബര്‍ എട്ടിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടിക സംബന്ധിച്ചാണ് ആക്ഷേപമുയര്‍ന്നത്. പട്ടികവര്‍ഗ മേഖലകളില്‍ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള പ്രത്യേക യജ്ഞം നടത്തണം, ആക്ഷേപമുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ കാര്യത്തില്‍ പുനരാലോചന വേണം, ബൂത്ത് ലെവല്‍ ഏജന്റുമാരെ മാറ്റി നിശ്ചയിക്കാന്‍ ആലോചന വേണം എന്നീ ആവശ്യങ്ങളുമുയര്‍ന്നു.
കളകട്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ജി. ശ്രീകുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. പ്രകാശന് മാസ്റ്റര്‍ (സി പി ഐ എം), കെ സി മുഹമ്മദ് ഫൈസല്‍ (കോണ്‍ഗ്രസ് ഐ ),
എം. ഗംഗാധരന് (സി പി ഐ), അഡ്വ. എസ്. മുഹമ്മദ് (മുസ്ലിം ലീഗ്), പി ആര് രാജന് (ബി ജെ പി ), യു.പി. മുഹമ്മദ് കുഞ്ഞി (കോണ്‍ഗ്രസ് എസ് ), ജി. രാജേന്ദ്രന് (എല്‍ ജെ ഡി ),
പി പി ദിവാകരന് (ജനതാദള്‍ എസ് ), ഡോ. കെ. ജോസഫ് തോമസ് (കേരള കോണ്‍ഗ്രസ് എം ), പി കെ രവീന്ദ്രന് (എന്‍ സി പി), ജോണ്സണ് പി തോമസ് (ആര് എസ് പി ), മുഹമ്മദ് ഇംതിയാസ് (വെല്‍ഫയര്‍ പാര്‍ട്ടി), വിവിധ താലൂക്ക് തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
