ഗ്യാസ്‌ട്രോ എന്റോളജിസ്റ്റ് ഇല്ല–കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തുന്ന പാവപ്പെട്ട രോഗികള്‍ മരിക്കുന്നു-

70,000 ശമ്പളത്തിന് നില്‍ക്കാന്‍ ആളില്ല-

പരിയാരം: ഗ്യാസ്‌ട്രോ എന്റോളജിസ്റ്റ് ഇല്ല, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടിയെത്തുന്നവര്‍ പലരും മരണപ്പെടുന്നു.

കരള്‍രോഗം ബാധിച്ച് രക്തം ഛര്‍ദ്ദിച്ച് എത്തുന്ന രോഗികളില്‍ ഞരമ്പുകള്‍ ബ്ലാങ്ക് ചെയ്യുകയെന്ന (കെട്ടിയിടുന്ന)അടിയന്തിര ചികില്‍സ ചെയ്യാന്‍ ഗ്യാസ്‌ട്രോ എന്റോളജിസ്റ്റിന് മാത്രമേ കഴിയൂ.

നിലവില്‍ ഗ്യാസ്‌ട്രോ വിഭാഗത്തില്‍ സര്‍ജന്‍ ഉണ്ടെങ്കിലും ശസ്ത്രക്രിയകള്‍ ഇല്ലാത്ത സമയത്ത് മാത്രമേ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ലഭിക്കുകയുള്ളൂ.

ഗ്യാസ്‌ട്രോ എന്റോളജിസ്റ്റിന്റെ തസ്തിക ഇവിടെ മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്.

പ്രിന്‍സിപ്പാളുമായി അഭിപ്രായഭിന്നതകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഈ വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടര്‍ രാജിവെച്ചുപോയതെന്നാണ് സൂചന.

പുതിയ ഡോക്ടറെ നിയമിക്കാന്‍ നിരവധി തവണ ഇന്റര്‍വ്യൂ നടത്തിയിട്ടും ആരും എത്തിച്ചേര്‍ന്നില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

പരമാവധി 70,000 രൂപ മാത്രമാണ് മെഡിക്കല്‍ കോളേജിലെ ഓഫര്‍. ഇതിന്റെ ഇരട്ടിയിലേറെയാണ് സ്വകാര്യ ആശുപത്രികളില്‍ നല്‍കുന്നത്.

ഇപ്പോള്‍ ഗ്യാസ്‌ട്രോ വിഭാഗത്തിലേക്ക് നിരവധി രോഗികളെത്തുന്നുണ്ടെങ്കിലും ചികില്‍സിക്കാന്‍ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്.

ഇവിടെ താങ്ങാനാവാത്ത ചികില്‍സാ ചെലവായതിനാല്‍ തിരിച്ച് മെഡിക്കല്‍ കോളേജിലെത്തുന്ന പാവപ്പെട്ട രോഗികള്‍ ഭൂരിഭാഗവും മരണപ്പെടുകയാണെന്ന് ജനകീയാരോഗ്യവേദി പ്രവര്‍ത്തകര്‍ പറയുന്നു.

താല്‍ക്കാലിക നിയമനത്തിന് 70,000 രൂപയിലധികം നല്‍കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് സാധിക്കില്ലെന്നതിനാല്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ മുഖേന നിയമനങ്ങള്‍ നടന്നാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയുള്ളൂ.

അതുവരെ സ്വകാര്യ ആശുപത്രികള്‍ക്ക് ചാകരകൊയ്ത്തിന് അവസരമാവും. അടിയന്തിരമായി അത്യാവശ്യ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.