എം.ആര്‍.എയുടെ മലിനജലം നാട്ടുകാരുടെ നെഞ്ചത്ത്-നടപടി കര്‍ശനമാക്കണമെന്ന് നാട്ടുകാര്‍.
തളിപ്പറമ്പ്: നഗരമധ്യത്തിലെ ജനവാസകേന്ദ്രത്തില്‍ മലിനജലമൊഴുക്കിയ വാഹനവും ജീവനക്കാരും പിടിയില്‍.
തളിപ്പറമ്പ് ഏഴാംമൈലിലെ എം.ആര്‍.എ റസ്‌റ്റോറന്റിലെ മലിനജലമാണ് ഇന്നലെ അര്‍ദ്ധരാത്രി 12 മണിയോടെ മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് പിറകില്‍ പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസിന് സമീപത്തായി ഒഴുക്കിവിട്ടത്.
രാത്രി പട്രോള്‍ ഡ്യൂട്ടി ചെയ്യുന്നതിനിടിയില്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ടി.ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കയ്യോടെ പിടികൂടിയത്.
പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മലിനജലം എം.ആര്‍എയിലേതാണെന്ന് വ്യക്തമായത്.
എം.ആര്‍.എ റസ്റ്റോറന്റിലെ ജീവനക്കാരായ അഞ്ചരക്കണ്ടിയിലെ ഫജിനാസ്(21) പശ്ചിമബംഗാളിലെ ഷിബുദാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കെ.എല്‍.57 ബി 2356 എന്ന വാഹനത്തില്‍ ടാങ്കില്‍ സംഭരിച്ചാണ് മലിനജലം ജനവാസ കേന്ദ്രത്തില്‍ ഒഴുക്കിവിട്ടത്.
നഗരത്തിലെ മിക്ക ഹോട്ടലുകള്‍ക്കും മലിനജലം സംസ്‌ക്കരിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്താതെ ഇരുട്ടിന്റെ മറവില്‍ പലസ്ഥലങ്ങളിലായി ഒഴുക്കിവിടുകയാണെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.
എന്നാല്‍ നഗരസഭാ അധികൃതര്‍ പരാതികള്‍ പരിഗണിച്ച് നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.