വെള്ളം തരൂ പ്രിന്‍സിപ്പാളെ–ബക്കറ്റ് സമരം സിന്ദാബാദ്

പരിയാരം: കിണറുകളും കുളങ്ങളും നിറഞ്ഞ്, മഴകോരിച്ചൊരിയുമ്പോഴും കുടിക്കാന്‍ വെള്ളമില്ലാതെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍.

എം.ബി.ബി.എസ്, ബി.ഡി.എസ്, നേഴ്‌സിങ്ങ്-പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് വെള്ളം കിട്ടാതെ ദുരിതത്തിലായത്.

കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി തുടരുന്ന കുടിവെള്ളപ്രശ്‌നം പരിഹരിക്കണമെന്ന നിരന്തരമായുള്ള അപേക്ഷകള്‍ അധികൃതര്‍ അവഗണിച്ചതോടെ ഇന്നലെ രാവിലെ ബക്കറ്റുമായി വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാള്‍ ഓഫീസിന് മുന്നില്‍ സത്യാഗ്രഹമിരുന്നു.

റോഡ് ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പ്രവൃത്തിനടക്കുന്നതിനാല്‍ കുടിവെള്ള പൈപ്പ് കുഴിച്ചിട്ട വഴിയിലൂടെ വാഹനങ്ങള്‍ കടന്നുപോയി തുടങ്ങിയതോടെയാണ് പൈപ്പുകള്‍ പൊട്ടി കുടിവെള്ളം മുടങ്ങിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

പലതവണ പൊട്ടിയ പൈപ്പ് ശരിയാക്കിയെങ്കിലും വീണ്ടും വാഹനങ്ങള്‍ കയറുന്നതോടെ പൊട്ടല്‍ തുടര്‍ക്കഥകളായെന്നും അവര്‍ പറഞ്ഞു.

അധികം ആഴത്തിലല്ലാേെത കുഴിച്ചിട്ട പൈപ്പുകള്‍ പൊട്ടുന്നത് എളുപ്പത്തില്‍ പരിഹരിക്കാനാവില്ലെന്ന് അധികൃതര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചതിനെതുടര്‍ന്ന് പൈപ്പുകള്‍ താല്‍ക്കാലികമായി നന്നാക്കി വെള്ളം പു:നസ്ഥാപിച്ചിട്ടുണ്ടെങ്കിലും ഏത് സമയത്തും ജലവിതരണം മുടങ്ങാനിടയുണ്ട്.

പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി എല്ലാ ഹോസ്റ്റലുകളിലും 10,000 ലിറ്ററിന്റെ പുതിയ ടാങ്കുകള്‍ സ്ഥാപിക്കാനും വെള്ളം സംഭരിച്ചുവെച്ച് പ്രശ്‌നപരിഹാരം

കാണാനും തീരുമാനിച്ചതായി പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാര്‍ പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ത്ഥികളെ അറിയിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.

240 പെണ്‍കുട്ടികളും 20 ആണ്‍കുട്ടികളുമാണ് ഹോസ്റ്റലുകളില്‍ താമസിക്കുന്നത്.

സമരത്തിന് നേഴ്‌സിങ്ങ് കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സന്‍ പി.ആര്യ, വൈസ് ചെയര്‍മാന്‍ രാഹുല്‍, ജനറല്‍ സെക്രട്ടെറി ടിനു, ശ്യാംജിത്ത്, അഞ്ജന എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് അനുവിന്ദ് പ്രസംഗിച്ചു.