കേരളം നമ്പര്‍ വണ്ണാണ്‌പോലും-വെള്ളത്തിന്റെ പരിശോധനാഫലം ഇനിയും വന്നില്ല.

പരിയാരം: ആരോഗ്യരംഗത്ത് കേരളം നമ്പര്‍ വണ്‍ എന്ന സര്‍ക്കാര്‍തള്ള് തുടരുമ്പോഴും ജലപരിശോധനാ റിപ്പോര്‍ട്ട് വന്നില്ല.

അമീബിക് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച മൂന്നര വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുമ്പോഴും ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് ഉദാസീനത തുടരുന്നു.

വളരെ ഗുരുതരമായ ഒരു വിഷയത്തില്‍ പരിശോധനാഫലം വേഗത്തില്‍ ലഭ്യമാക്കാനായി ആരോഗ്യവകുപ്പ് ഒന്നും ചെയ്തില്ലെന്ന  ആക്ഷേപം വ്യാപകമാണ്.

കുട്ടിക്ക് രോഗം പിടിപെട്ടത് കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിച്ചതിനാലാണെന്ന വിവരം പുറത്തുവന്നതോടെ കഴിഞ്ഞ ജൂലായ്-20 ന് ഡി.എം.ഒയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പ് അധികൃതര്‍ മൂന്നിടങ്ങളില്‍ നിന്ന് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചിരുന്നു.

ഇത് പോണ്ടിച്ചേരിയിലെ വിനായക മെഡിക്കല്‍ കോളേജിലാണ് പരിശോധനക്ക് അയച്ചത്.

പരമാവധി പെട്ടെന്ന് തന്നെ പരിശോധനാ ഫലം ലഭ്യമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും 5 ദിവസമായിട്ടും ഒരു വിവരവും ലഭിച്ചിട്ടില്ല.

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് ആരോഗ്യവിഭാഗത്തിന് ഇത് സംബന്ധിച്ച് യാതൊരു വിവരവുമില്ല.

റിസള്‍ട്ട് വേഗത്തില്‍ ലഭിക്കാനായി ആരോഗ്യവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ ശനിയാഴ്ച്ച രാത്രി തന്നെ പോണ്ടിച്ചേരിയിലേക്ക് പോയി നേരിട്ടാണ് സാമ്പിള്‍ നല്‍കിയതെന്നാണ് വിവരം.

കുട്ടിയുടെ നില ആശങ്കാജനകമായി തുടരുമ്പോഴും ആരോഗ്യവകുപ്പ് കാണിക്കുന്ന നിസംഗതയില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.