വാട്‌സ്ആപ്പ് ലോട്ടറി ഏജന്റുമാരായ 2 പേര്‍ അറസ്റ്റില്‍, പി.കെ.കെ. വലയിലെന്ന് സൂചന

രാജപുരം: വാട്‌സ്ആപ്പ് ലോട്ടറി ഏജന്റുമാരായ 2 പേര്‍ അറസ്റ്റില്‍.

കോടോം പടിമരുത് വെള്ളരിക്കുണ്ട് ഉന്നതിയിലെ എം.രാമന്‍(55), കള്ളാര്‍ പൂടംകല്ലിലെ പറശേരിയില്‍ വീട്ടില്‍ ജോസ് ജോസഫ്(78)എന്നിവരെയാണ് രാജപുരം പ്രിന്‍സിപ്പല്‍ എസ്.ഐ.സി.പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ബേക്കല്‍ ഡിവൈ.എസ്.പി മനോജിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്.

സാധാരണക്കാരായ ആളുകള്‍ ജോലിചെയ്തുകിട്ടുന്ന പണത്തിന്റെ സിംഹഭാഗവും വാട്‌സ്ആപ്പ് ലോട്ടറിയില്‍ ചെലവഴിക്കുകയും കുടുംബങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ പോലീസിന്റെ പിടിയിലായത്.

വാട്‌സ്ആപ്പ് ലോട്ടറി സംഘത്തലവന്‍ കോട്ടോടിയിലെ പി.കെ.കെ.എന്ന പ്രഭാകരനെ പിടികൂടാനായി പോലീസ് അന്വേഷണം നടത്തിവരികയാണ്, ഇയാള്‍ പോലീസിന്റെ വലയിലാണെന്നും സൂചനകളുണ്ട്.

എ.എസ്.ഐ ഓമനക്കുട്ടന്‍, സീനിയര്‍ സി.പി.ഒ ശരത്ചന്ദ്രന്‍, സി.പി.ഒമാരായ അനൂപ്, സതീഷ്‌കുമാര്‍, സനൂപ്, വിജിത്ത്, സജിത്ത് ജോസഫ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.