ലഹരിക്കെതിരെ വാര്‍ഡു തലങ്ങളില്‍ ജാഗ്രത സമിതികള്‍ സജീവമാക്കണം: വിസ്ഡം യൂത്ത്
തളിപ്പറമ്പ: വിദ്യാര്‍ത്ഥികളിലും യുവാക്കളിലും വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വാര്‍ഡു തലങ്ങളില്‍ ജാഗ്രത സമിതികള്‍ രൂപികരിക്കുകയും ലഹരി വസ്തുക്കളുടെ വില്‍പന തടയുന്നതിന് ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ കര്‍ശനമാക്കാന്‍ നിയമപാലകര്‍ തയ്യാറാവണമെന്നും വിസ്ഡം യൂത്ത് തളിപ്പറമ്പില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധസംഗമം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ക്ലബ്ബുകള്‍, കേന്ദ്രീകരിച്ചും വിവിധ മതരാഷ്ട്രീയ സംഘടനകള്‍ സംഘടനാ സംവിധാനം ഉപയോഗപ്പെടുത്തുവാനും തയ്യാറാവണം.
വളര്‍ന്നു വരുന്ന തലമുറയുടെ സര്‍ഗാത്മകവും ബുദ്ധിപരവുമായ കഴിവുകളെ ഇല്ലാതാക്കുന്നതും സമൂഹത്തില്‍ ഏറെ അസ്വസ്ഥത സൃഷ്ടിക്കുന്നതുമായ ലഹരി വില്‍പന നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ ഭരണകൂടം നീതിപൂര്‍വ്വം ഇടപെടുകയും, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുകയും വേണം.
ന്യൂ ജെന്‍ ലഹരി പദാര്‍ത്ഥങ്ങളായ സ്റ്റാമ്പുകള്‍, ഗുളികകള്‍ തുടങ്ങിയ ലഹരി വസ്തുക്കള്‍ കണ്ടെത്താന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക സ്‌ക്വാഡുകളെ നിയമിക്കുകയും രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുകയും ചെയ്യേണ്ടതുണ്ട്. ഡി.ജെ പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍, ടര്‍ഫുകള്‍ തുടങ്ങിയവ നിരീക്ഷിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഭരണകൂടം തയ്യാറാവുകയും വേണം.
ബഹുജന സംഗമം വിസ്ഡം യൂത്ത് ജില്ല സെക്രട്ടറി ഷബീര്‍ കൈതേരി ഉദ്ഘാടനം ചെയ്തു. വിസ്ഡം തളിപ്പറമ്പ് ശാഖ പ്രസിഡന്റ് ഡോ.ജലീല്‍ ഗുരുക്കള്‍ അദ്ധ്യക്ഷത വഹിച്ചു.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ വി.വി.ഷാജി, മുജാഹിദ് ബാലുശ്ശേരി, ശരീഫ് കാര, ഷുക്കൂര്‍ ചക്കരക്കല്ല്, ടി.കെ ഉബൈദ് എന്നിവര്‍ സംസാരിച്ചു.
